
കൊച്ചി: നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ കൂട്ടുപ്രതികളെയും എം.ശിവങ്കറിനെയും കുരുക്കി സന്ദീപ് നായരുടെ മൊഴി. ഒരു കിലോ സ്വര്‍ണ്ണം കടത്താന്‍ സ്വപ്ന കമ്മിഷനായി ആവശ്യപ്പെട്ടത് 1000 യുഎസ് ഡോളറെന്ന് സന്ദീപ് നായര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സ്വന്തം കൈപ്പടയില്‍ എഴുതി നല്കിയ മൊഴിയില്‍ പറയുന്നു.
കിലോയ്ക്ക് 45,000 രൂപ നല്‍കാമെന്ന് സമ്മതിച്ചെങ്കിലും അതു പോരെന്നായിരുന്നു സ്വപ്നയുടെ നിലപാടെന്നും മൊഴിയിലുണ്ട്. സ്വര്‍ണക്കടത്തിന് പുതിയ മാര്‍ഗം ആരാഞ്ഞത് കസ്റ്റഡിയിലുള്ള കെ.ടി. റമീസാണെന്ന് സന്ദീപ് നായരുടേതായി പുറത്തു വന്ന മൊഴിയില്‍ പറയുന്നു.
നയതന്ത്ര ബാഗേജിലൂടെ സുരക്ഷിതമായി സ്വര്‍ണം കടത്താമെന്ന ആശയം പറഞ്ഞത് സ്വപ്നയാണെന്നും സരിത്തുവഴിയാണ് താന്‍ സ്വപ്നയെ പരിചയപ്പെട്ടതെന്നും സന്ദീപ് പറയുന്നു. തനിക്ക് റമീസിനെ അറിയാമായിരുന്നുവെന്ന് സമ്മതിച്ച സന്ദീപ് നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തുന്നതിനുള്ള ആദ്യ ഗൂഢാലോചന നടന്നത് സരിത്തിന്റെ കാറില്‍ വച്ചായിരുന്നെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
രണ്ടു തവണ ട്രയല്‍ നടത്തിയ ശേഷം സ്വര്‍ണം അയയ്ക്കാതെ വന്നതോടെ സ്വപ്ന തങ്ങളെ നിര്‍ബന്ധിക്കുകയായിരുന്നു. കോണ്‍സല്‍ ജനറലിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമെന്ന് സ്വപ്ന പറഞ്ഞിരുന്നുവെന്നും സന്ദീപ് വെളിപ്പെടുത്തുന്നു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ കാര്യവും സന്ദീപ് മൊഴിയില്‍ പരാമര്‍ശിക്കുന്നു. സ്വപ്നയ്ക്കെതിരായ എയര്‍ ഇന്ത്യ സാക്സ് കേസിനെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നെന്നാണ് സന്ദീപിന്റെ വെളിപ്പെടുത്തല്‍. അതിനുശേഷമാണ് സ്പേസ്പാര്‍ക്കില്‍ ശിവശങ്കര്‍ ജോലി തരപ്പെടുത്തി നല്‍കിയത്.
ലൈഫ് മിഷന് പദ്ധതിക്ക് 5% കമ്മിഷന് നല്‍കാമെന്ന വാഗ്ദാനം യുണിടാക് എംഡി സന്തോഷ് ഈപ്പന്റേതായിരുന്നെന്നും സന്ദീപ് എഴുതിയ മൊഴിയിലുണ്ട്. സന്തോഷ് ഈപ്പനൊപ്പം താന്‍ കോണ്‍സല്‍ ജനറലിനെ കണ്ടിട്ടുണ്ടെന്നും മൊഴിയിലുണ്ട്. അതേസമയം ഫ്ലാറ്റ് നിര്‍മാണ കരാര്‍ ഏറ്റെടുക്കണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നെന്നും കരാര്‍ ഏറ്റെടുത്ത ശേഷമാണ് കമ്മിഷന്റെ കാര്യം അറിയുന്നതെന്നുമാണ് സന്തോഷ് ഈപ്പന് പറഞ്ഞിട്ടുള്ളത്.