Breaking News

പൂവിലലിഞ്ഞ് മരിച്ചവരുടെ കൂട്ടുതേടി നടന്നകന്ന കവി അയ്യപ്പന്‍

ജയകൃഷ്ണ ലക്ഷ്മി

ഇന്നിന്റെ ഓര്‍മ്മത്താളുകളില്‍ നേര്‍ത്തൊരു മഞ്ഞുപാളിക്കപ്പുറത്തെന്നപോലെ, മുഷിഞ്ഞു നിറംമങ്ങിയ മുണ്ടും ഷര്‍ട്ടുമിട്ട്, നിസ്സഹായത തളംകെട്ടിയ ചിരിയുമായി എരിയുന്ന പകലിന്റെ വേവറിയാതെ നടന്നകലുന്ന ഒരു കവിജന്മമുണ്ട്- അതാണ് എ.അയ്യപ്പന്‍ എന്ന കലഹത്തിന്റെ കവി. തെരുവിന്റെ സാന്ത്വനത്തെ ഇത്രയേറെ സ്‌നേഹിച്ചിരുന്ന ഒരു കവി ജന്മം വേറെയുണ്ടാവില്ല.
അയ്യപ്പന്‍ എന്ന കവി അലിഞ്ഞു ചേര്‍ന്നിരുന്നത് രണ്ട് ലഹരിയിലായിരുന്നു. അതിലൊന്ന് പ്രണയത്തിന്റെ ലഹരിയായിരുന്നു. മറ്റൊന്ന് മദ്യത്തിന്റെ ലഹരിയും. പ്രണയമെന്ന വികാരത്തിന്റെ നൈര്‍മല്യത്തേക്കാള്‍ അയ്യപ്പന്‍ ഇഷ്ടപ്പെട്ടത് അതിന്റെ ഉന്മാദമായിരുന്നു. ഒരു പുതുമഴ പോലെ ജന്മം പെയ്‌തൊഴിയാന്‍ ആഗ്രഹിച്ച അയ്യപ്പനോട് പക്ഷേ, കാലം കല്‍പിച്ചത് തീക്കനല്‍പോലെ എരിഞ്ഞടങ്ങാനായിരുന്നു. വിപ്ലവ പാര്‍ട്ടിയുടെ ഇളമുറക്കാരനായി ജയിച്ചുവന്ന അയ്യപ്പനെ വരവേറ്റത് തണുത്ത് മരവിച്ച അമ്മയുടെ മൃതദേഹമായിരുന്നു. വായ്ക്കരിയിടാന്‍ പറഞ്ഞ കാരണവരോട് ജീവിച്ചിരിക്കെ ഒരുരുള ചോറ് നല്‍കാന്‍ കഴിയാത്തവന് ചലനമറ്റ ശരീരത്തില്‍ പച്ചരിയിടാന്‍ അവകാശമില്ലായെന്ന് പറഞ്ഞ് അയ്യപ്പന്‍ തന്നോടുതന്നെ കലഹിച്ചു. അങ്ങനെ ജീവിതം സമ്മാനിച്ച നോവാറ്റിക്കുടിച്ച അയ്യപ്പനിലെ കവിക്ക് പിന്നെങ്ങനെ പ്രണയത്തിന്റെ നൈര്‍മല്യം നുകരാന്‍ സാധിക്കും? അതിന്റെ ഉന്മാദത്തെ പുണരാതിരിക്കാന്‍ സാധിക്കും? ആ ഉന്മാദമാണ് പ്രണയത്തിന്റെ ആത്മതത്വം പറഞ്ഞുതന്നവള്‍ സമ്മാനിച്ച രഹസ്യം തന്റെ ശവപ്പെട്ടി ചുമക്കാന്‍ വന്നവരോട് പങ്കുവയ്ക്കാന്‍ അയ്യപ്പനെ പ്രേരിപ്പിച്ചത്.

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ
ആത്മതത്വം പറഞ്ഞുതന്നവളുടെ ഉപഹാരം

മണ്ണ് മൂടുന്നതിന് മുമ്പ്
ഹൃദയത്തില്‍നിന്നും ആ പൂവ് പറിക്കണം
ദലങ്ങള്‍ കൊണ്ട് മുഖം മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം
പൂവിലൂടെ എനിക്ക് തിരിച്ചുപോകണം
പൂവിലൂടെ എനിക്ക് തിരിച്ചുപോകണം

മരണത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും
ഒഴിച്ചുതന്ന തണുത്ത വെള്ളത്തിലൂടെ
അത് മൃതിയിലേക്ക് ഒലിച്ചുപോകും
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനിയെന്റെ കൂട്ടുകാര്‍ മരിച്ചവരാണല്ലോ!

അച്ഛനുമമ്മയും ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക് അകന്നുപോയശേഷം അയ്യപ്പന് എല്ലാം പെങ്ങളായിരുന്നു. സഹോദരിയുടെ തണലില്‍ വളര്‍ന്ന അയ്യപ്പന് പക്ഷേ, പെങ്ങളോടുള്ള സ്‌നേഹത്തില്‍ നൈര്‍മല്യം നുകരാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടാണ്,
ഇലകളായ് ഇനി നമ്മള്‍ പുനര്‍ജനിക്കുമെങ്കില്‍
ഒരേ വൃക്ഷത്തില്‍ പിറക്കണം
എനിക്കൊരു കാമിനിയല്ല, ആനന്ദത്താലും ദുഃഖത്താലും
കണ്ണ് നിറഞ്ഞൊരു പെങ്ങളില വേണമെന്ന് കവി എഴുതിയത്.

വേദനയുടെ ഉപ്പ്‌ നുണഞ്ഞ് ദാഹമകറ്റി ജീവിച്ചതുകൊണ്ടാകാം ഒരുപക്ഷേ, പ്രണയത്തിന്റെ മൃദുഭാവം അയ്യപ്പന് അന്യംനിന്നത്. പ്രേമം നിലനിര്‍ത്താന്‍ പ്രേമിച്ചുകൊണ്ടേയിരിക്കുക. താലികെട്ടുമ്പോള്‍ പ്രണയം വേരറ്റുപോകുമെന്നായിരുന്നു അയ്യപ്പന്റെ പക്ഷം. അതിനാല്‍ ഞാന്‍ എന്റെ പ്രണയത്തെ മനസ്സില്‍ പൂട്ടിയിട്ടിരിക്കുന്നു. ഒറ്റയ്ക്കുനടക്കാനാണ് എനിക്കിഷ്ടം. തൂലികയില്‍നിന്നല്ലാതെ അയ്യപ്പന്റെ മനസ്സില്‍നിന്ന് പ്രണയമൊഴുകാത്തതിനെപ്പറ്റി അയ്യപ്പന്‍ തന്നെ പറഞ്ഞതിങ്ങിനെയാണ്.

വീടില്ലാത്തവനൊരുവനോട്
വീടിനൊരു പേരിടാനും
മക്കളില്ലാത്തൊരുവനോട്
കുട്ടിയ്‌ക്കൊരു പേരിടാനും
ചൊല്ലവേ നീ കൂട്ടുകാരാ
രണ്ടുമില്ലാത്തൊരുവന്റെ
നെഞ്ചിലെ തീ കണ്ടുവോ?
തന്റെ വേദനകളെ സൃഷ്ടിയുടെ പരിവേഷമായി കൊണ്ടാടിയവരോട് അയ്യപ്പന്‍ കലഹിച്ചത് ഇങ്ങനെയാണ്.

പുലയാടി മക്കള്‍ക്ക് പുലയാണ് പോലും
പുലയന്റെ മകനോട് പുലയാണ് പോലും
പുലയാടിമക്കെ പറയുമോ നിങ്ങള്
പറയനും പുലയനും പുലയായതെങ്ങനെ
അകറ്റിനിര്‍ത്തപ്പെട്ടവന്റെ കണ്ണീരിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വരേണ്യന്റെ മേലാപ്പിനോട് അയ്യപ്പന്‍ കലഹിച്ചതിങ്ങനെയാണ്.

കരളുപങ്കിടാന്‍
വയ്യെന്റെ പ്രണയമേ
കരളിന്റെ പാതിയും ലഹരിയുടെ
പക്ഷികള്‍ കൊത്തിക്കൊണ്ടുപോയി
അയ്യപ്പന്‍ നുകര്‍ന്ന മദ്യത്തിന്റെ ലഹരി പ്രണയത്തെപ്പോലും തള്ളിപ്പറയാന്‍ തക്ക ശക്തിയുള്ളതായിരുന്നു. അരണ്ടവെളിച്ചത്തിന്റെ ചുവട്ടില്‍ കള്ള് വാങ്ങിക്കൊടുത്ത മീശകിളിര്‍ക്കാത്ത ചെറുപ്പങ്ങള്‍ക്ക് നടുവിലിരുന്ന് അയ്യപ്പന്‍ കുത്തിക്കുറിച്ചതിലൊക്കെയും പ്രണയത്തിന്റെയും മദ്യത്തിന്റെയും ലഹരിപടര്‍ന്നിരുന്നു.
അയ്യപ്പന്റെ വരികളെ ഇഷ്ടപ്പെടുമ്പോഴും അയ്യപ്പനില്‍ മുളപൊട്ടി ഒളിച്ചിരുന്ന ദൗര്‍ബല്യങ്ങളുടെ വിത്തുകളെ കുറിച്ചുകൂടി തലമുറകളോട് പറയേണ്ടതുണ്ട്. പ്രണയത്തെ നിഷേധിച്ച് പലപ്പോഴും അയ്യപ്പന്‍ നടന്നുകയറിയത് ജീവിതത്തിന്റെ അരാജകത്വത്തിലേക്കാണ്. അയ്യപ്പന്റെ മനോവൈകല്യങ്ങള്‍ പത്തുവയസ്സുകാരിയുടെ പിന്‍കഴുത്തിലെ പൊള്ളലായി മാറിയത് അതിലൊന്നാണ്. തന്നെ ഗര്‍ഭിണിയാക്കിയ ആളിന്റെ സുഹൃത്തായ കവി അയ്യപ്പന്‍ തന്നെ പ്രാപിച്ച കഥ എച്ച്മുക്കുട്ടിയും സോഷ്യല്‍ മീഡിയയിലൂടെ തുറന്നെഴുതി.
കവി വെള്ളം കുടിക്കാന്‍ വന്നപ്പോഴാണ് കുനിഞ്ഞിരുന്നു തേങ്ങാ ചിരകുന്ന എന്നെ കണ്ടത്. ആ നിമിഷമാണ് പാലേരി മാണിക്യത്തിലെ ചീരുവിന്റെ തുടയിലേപ്പോലെ ഒരു മൂന്നുനഖപ്പാട് എന്റെ തുടയിലും തെളിഞ്ഞത്. കാമം ആ മനുഷ്യനെ ഭ്രാന്തനാക്കിയിരുന്നു. ആ നീറ്റലും ഞാന്‍ സഹിച്ച അപമാനവും ഈ ജന്മത്ത് എന്നെ വിട്ടു പോവില്ല-ഇങ്ങനെയാണ് എച്ച്മുക്കുട്ടി തന്റെ ഫെയ്‌സ്ബുക്കില്‍ അയ്യപ്പനെക്കുറിച്ച് കുറിച്ചിട്ടത്.
പക്ഷേ, അക്ഷരങ്ങളെയും വാക്കുകളെയും ആരാധിക്കുന്നവരിലേക്ക് പടര്‍ന്നുകയറിയവയാണ് അയ്യപ്പന്റെ വരികള്‍. മനുഷ്യമനസ്സുകളെ ആര്‍ദ്രമാക്കാനുള്ള ശേഷി അയ്യപ്പന്റെ വാക്കുകള്‍ക്കുണ്ട്.
തിരുവനന്തപുരം തമ്പാനൂരില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട അയ്യപ്പനെ പോലീസ് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മോര്‍ച്ചറി ജീവനക്കാരനാണ് അയ്യപ്പന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. അങ്ങനെ ആരുമറിയാതെ, തെരുവിന്റെ കവി തന്റെ പ്രാണന്റെ കൂട് തെരുവില്‍തന്നെ ഉപേക്ഷിച്ച് മടങ്ങിയപ്പോഴും ഷര്‍ട്ടിന്റെ മടക്കില്‍ ഏതുനിമിഷവും അമ്പേല്‍ക്കാവുന്ന പച്ച മനുഷ്യന്റെ വേവലാതി എഴുതി സൂക്ഷിച്ചിരുന്നു.
അമ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടു പേര്‍
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി

(മരിച്ചയാളിനെ അനുസ്മരിക്കുമ്പോള്‍ ഇങ്ങനെ തുറന്നെഴുതണമോയെന്ന വിമര്‍ശനം ഒരുപക്ഷേ, ഉയര്‍ന്നേക്കാമെന്ന് ഞാനും കരുതുന്നു. നല്ലത് പറയുമ്പോള്‍ മോശമായവ ഓര്‍മ്മയുടെ സൂക്ഷിപ്പുകളാക്കി വയ്ക്കാന്‍ എനിക്കും കഴിയില്ല. അത് തുറന്നെഴുതുക തന്നെ വേണമെന്ന് ഞാന്‍ കരുതുന്നു. എനിക്ക് എന്റെ മനസ്സിനെക്കൂടി തൃപ്തിപ്പെടുത്തേണ്ടതുണ്ട്. നാലു വയസ്സുകാരിയും എട്ട് വയസ്സുകാരിയുമൊക്കെ പീഡിപ്പിക്കപ്പെട്ട് നിലവിളിക്കുന്ന ഈ ലോകത്ത് വാമൂടിയിരിക്കാന്‍ എനിക്കാവില്ല.)

Related posts

Leave a Reply

Your email address will not be published. Required fields are marked *