Breaking News

ശമ്പള പരിഷ്‌ക്കരണ നീക്കത്തിനെതിരെ ഹൈക്കോടതി; സര്‍ക്കാര്‍ സംഘടിത വോട്ടുബാങ്കിനെ ഭയക്കുന്നുവെന്നും പരാമര്‍ശം

കൊച്ചി: ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സാധാരണക്കാരനെ പിഴിഞ്ഞ് ശമ്പള പരിഷ്‌കരണം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് വിമര്‍ശിച്ചു. നിലം നികത്തല്‍ ക്രമപ്പെടുത്തലുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
നിലം നികത്തല്‍ ക്രമപ്പെടുത്താന്‍ ഭൂമിയുടെ ന്യായ വിലയുടെ 20 ശതമാനം നല്‍കിയാല്‍ മതിയായിരുന്നത് പുതിയ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ പ്രസ്തുത ഭൂമിയുടെ പരിസര പ്രദേശത്ത് ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് റജിസ്റ്റര്‍ ചെയ്ത ഭൂമിയുടെ വിലയുടെ 20 ശതമാനം അടയ്ക്കണമെന്നാക്കി മാറ്റി. അതും മുന്‍കാല പ്രാബല്യത്തോടെ. ഇത്തരത്തില്‍ മുന്‍കാല പ്രാബല്യത്തോടെ സര്‍ക്കാര്‍ ഉത്തരവുകള്‍ പുറത്തിറക്കുന്നത് പൊതുജനങ്ങളെ പിഴിയാനാണെന്ന് നിരീക്ഷിച്ച കോടതി ശമ്പള പരിഷ്‌കരണത്തിന് ധനസ്ഥിതി മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ സാധാരണക്കാരെ പിഴിയുന്നതെന്നും വിമര്‍ശിച്ചു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് ഇത്തരത്തിലുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്. സാഹചര്യം മനസിലാക്കുന്നതിന് പകരം സര്‍ക്കാര്‍ സംഘടിത വോട്ടുബാങ്കിനെ ഭയക്കുകയാണ്. സംഘടനകളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. മറ്റു സംസ്ഥാനങ്ങള്‍ എട്ടും ഒന്‍പതും വര്‍ഷം കൂടുമ്പോള്‍ ശമ്പളം വര്‍ധിപ്പിക്കുമ്പോള്‍ കേരളത്തില്‍ മാത്രം നാലര വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണം നടത്തുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഇക്കാര്യം തുറന്നു പറയാന്‍ ധൈര്യപ്പെടുന്നില്ല.
മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ഇതിന്റെ ഭാഗമാണ്. ഇതുകണ്ട് കോടതിക്ക് നിശബ്ദമായിരിക്കാനാവില്ല. വേണ്ടി വന്നാല്‍ ശമ്പള പരിഷ്‌കരണത്തില്‍ ഇടപെടുമെന്നും കോടതി വ്യക്തമാക്കി. അഡ്വ. ജനറലിനെ ഇക്കാര്യങ്ങള്‍ അറിയിക്കണമെന്ന് ഗവ. പ്ലീഡറോട് കോടതി നിര്‍ദേശിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *