
തിരുവനന്തപുരം: ബിജു രമേശ് തനിക്കെതിരെ ഉയര്‍ത്തിയ ആരോപണം നിഷേധിച്ച് ജോസ്.കെ.മാണി. നീചമായ ആരോപണമാണെന്നും തന്റെ പിതാവിനെ വേട്ടയാടിയതുപോലെ തന്നെയും വേട്ടയാടുക എന്നതാണ് ബിജു രമേശിന്റെ ആരോപണത്തിന് പിന്നിലുള്ളതെന്നും ജോസ്.കെ.മാണി പ്രതികരിച്ചു. ഈ ആരോപണത്തിന് തെളുവൊന്നുമില്ലെന്നും ജോസ്.കെ.മാണി ചൂണ്ടിക്കാട്ടി.
ബാര്‍ക്കോഴ കേസ് പിന്‍വലിക്കാന്‍ ജോസ്.കെ.മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിന്റെ ആരോപണമാണ് ജോസ്.കെ.മാണി നിഷേധിച്ചത്. ബാറുടമയായ ജോണ്‍ കല്ലാട്ടിന്റെ ഫോണില്‍നിന്ന് തന്നെ വിളിച്ച ജോസ്.കെ.മാണി ആദ്യം ഭീഷണിപ്പെടുത്തുകയും പിന്നീട് പണം വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്നാണ് ബിജു രമേശ് ആരോപിച്ചത്.
എന്നാല്‍, തന്റെ ഫോണില്‍നിന്ന് ജോസ്.കെ.മാണി ബിജു രമേശിനെ വിളിച്ചിരുന്നുവെന്നും സംസാരിച്ചതെന്താണെന്ന് തനിക്കറിയില്ലെന്നും ബാറുടമ ജോണ്‍ കല്ലാട്ട് വെളിപ്പെടുത്തി. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട കാര്യമാണ് സംസാരിച്ചതെന്ന് തനിക്കറിയാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.