Breaking News

സര്‍ക്കാര്‍ അന്നംമുടക്കി: വര്‍ക്കലയിലും വിശപ്പിന്റെ വിളി സമരം

വര്‍ക്കല റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വിശപ്പിന്റെ വിളി സമരം കെ.പി.സി.സി നിര്‍വാഹക സമിതിയംഗം പി.എം.ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ മെഡിക്കല്‍ കോളേജ്, എസ്.എ.ടി. പോലുള്ള ആശുപത്രികളില്‍ പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ദിവസവും 4 നേരം സൗജന്യമായി ആഹാരം നല്‍കിയിരുന്നത് കേരള സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ പദ്ധതിയാണിത്. ഇടതു സര്‍ക്കാര്‍ അത് വിശപ്പുരഹിത നഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കിയിരുന്നു. ഈ പദ്ധതിയാണ് ഈ മാസം 5 മുതല്‍ നിര്‍ത്തലാക്കിയത്.
സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്നതില്‍ ബഹുഭൂരിപക്ഷവും തൊഴിലാളികളും സാധാരണക്കാരും പാവപ്പെട്ടവരുമാണെന്നിരിക്കെ സൗജന്യ ഭക്ഷണ വിതരണം നിര്‍ത്തലാക്കിയത് കോവിഡ് വ്യാപന കാലത്ത് ആശുപത്രികളിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വലിയ ദുരിതമുണ്ടാക്കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ ഈ ജനവിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി ഐ.എന്‍.ടി.യു.സി. വര്‍ക്കല റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ കെ.പി.സി.സി നിര്‍വാഹക സമിതിയംഗം പി.എം.ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ 10.30 മുതല്‍ 11.30 വരെ നടന്ന ധര്‍ണ്ണയില്‍ ഐ.എന്‍.ടി.യു.സി വര്‍ക്കല റീജിയണല്‍ പ്രസിഡന്റ് പി.ജെ.നൈസാം അധ്യക്ഷത വഹിച്ചു.
പ്രതിഷേധ സമരത്തില്‍ ഐ.എന്‍.ടി.യു.സി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എന്‍.കെ.പി സുഗതന്‍, മുന്‍ റീജിയണല്‍ പ്രസിഡന്റ് എ.സലിം, വര്‍ക്കല മുനിസിപ്പല്‍ മണ്ഡലം പ്രസിഡന്റ് ഷെരീഫ് വര്‍ക്കല നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഹനാസ് നാസര്‍, വിഷ്ണു വര്‍ക്കല തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സമരം സംഘടിപ്പിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *