
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ ഒരു പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍.ഐ.എ കോടതിയില്‍. ഏത് പ്രതിക്കാണ് തീവ്രവാദ ബന്ധമെന്ന് ആരാഞ്ഞ കോടതിയെ കേസിലെ 12-ാം പ്രതിയായ മുഹമ്മദ് അലിക്കാണ് തീവ്രവാദ ബന്ധമുള്ളതെന്ന് എന്‍.ഐ.എ ബോധിപ്പിച്ചു. തൊടുപുഴയില്‍ അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ ഇയാള്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു എന്നും എന്‍.ഐ.എ കോടതിയില്‍ പറഞ്ഞു.
മാത്രമല്ല, ഇപ്പോള്‍ സ്വര്‍ണ്ണക്കടത്ത് പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ പ്രതികള്‍ സ്വര്‍ണ്ണക്കടത്ത് തുടരുമായിരുന്നുവെന്നും എന്‍.ഐ.എ കോടതിയില്‍ വ്യക്തമാക്കി. ഇതിനായി വിശദമായ പദ്ധതികള്‍ പ്രതികള്‍ തയാറാക്കിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
ഓരോ ഇടപാടുകളുടേയും തീയ്യതി വെച്ചുള്ള രേഖകള്‍ സരിത്ത് തയ്യാറാക്കിയിരുന്നു. ജൂലൈയ്ക്ക് ശേഷം എത്തേണ്ട കണ്‍സൈന്‍മെന്റുകളുടെ വിശദാംശങ്ങള്‍ എന്‍ഐഎ കോടതിയില്‍ വിശദീകരിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ പത്തോളം പ്രതികളുടെ ജാമ്യാപേക്ഷയാണ് കൊച്ചി എന്‍ഐഎ കോടതിക്ക് മുന്നില്‍ വന്നത്. അന്വേഷണസംഘത്തിന്റെ അപേക്ഷപ്രകാരം ജാമ്യാപേക്ഷ നല്കിയവരില് അഞ്ച് പേരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.
കേസ് ഡയറിയും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങളും പരിശോധിച്ച ശേഷം കോടതി 10 പ്രതികളുടെ ജാമ്യാപേക്ഷ ബുധനാഴ്ച വിശദമായ വാദംകേള്‍ക്കലിന് മാറ്റിവച്ചു. സ്വപ്നയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും.
കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി 90 ദിവസത്തില്‍ നിന്ന് 180 ദിവസം ആക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കോടതി അന്വേഷണ സംഘത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
യുഎപിഎ വകുപ്പ് വളരെ ലാഘവത്തോടെ എടുത്ത് കുറ്റം ചുമത്തിയിരിക്കുകയാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകരുടെ വാദം. ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്കെതിരെയുള്ള വകുപ്പുകള്‍ കോടതി വിശദമായി പരിശോധിച്ചത്.