
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ മികവുറ്റതാക്കിയത് നേട്ടമാണെന്നും അത് മറച്ചുവയ്ക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ നേട്ടത്തിന്റെ ഭാഗമായാണ് ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകള്‍ പോലും ലോകത്തിലെ ഏറ്റവും സൗകര്യമുള്ള സ്‌കൂളുകളോട് കിടപിടിക്കുന്ന തരത്തിലേക്ക് മാറി വരുന്നതെന്നും നല്ല സൗകര്യമുള്ള സ്‌കൂളുകളില്‍ പഠിക്കാനുള്ള അവസരം പാവപ്പെട്ടവനും സാധ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറിയതിന്റെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ക്ലാസ് മുറികളിലെ പഠനത്തിനുള്ള സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ അവസ്ഥ മനസിലാക്കി കാത്തിരിക്കേണ്ടതുണ്ട്. അനുയോജ്യമായ സമയമാകുമ്പോള്‍ ക്ലാസ് മുറികളിലെ പഠനം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ രംഗത്ത് നാടിന്റെ പങ്കാളിത്തംകൂടി ഉറപ്പാക്കാന്‍ വേണ്ടിയാണ് പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ നേതൃത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയതെന്ന് പറഞ്ഞ അദ്ദേഹം അതിലൂടെ പൂട്ടിപ്പോയ വിദ്യാലയങ്ങള്‍ പുനര്‍ജനിച്ചതായും ചൂണ്ടിക്കാട്ടി.
ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകള്‍ക്കായി 3,74,270 ഹൈടെക് ഉപകരണങ്ങള്‍ നല്‍കിയതും എട്ട് മുതല്‍ പ്ലസ്ടുവരെ 45,000 ഹൈടെസ് ക്ലാസ് മുറികളും സാധ്യമായതും എടുത്തു പറഞ്ഞ മുഖ്യമന്ത്രി നേട്ടങ്ങളെല്ലാം പങ്കുവയ്ക്കപ്പെടേണ്ടതാണെന്നും അഭിപ്രായപ്പെട്ടു.
1.19 ലക്ഷം ലാപ്ടോപ്പുകളും 69,944 പ്രൊജക്ടറുകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മൊത്തമായി വാങ്ങിയതോടെ നിരക്ക് പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞു. ഉപകരണങ്ങള്‍ക്കെല്ലാം അഞ്ച് വര്‍ഷത്തെ വാറണ്ടി ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ഭാഗമായി 4752 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ എട്ടുമുതല്‍ 12 വരെയുള്ള 45,000 ക്ലാസ്മുറികള്‍ ഹൈടെക് ആയി. 11,275 എല്‍.പി, യു.പി സ്‌കൂളില്‍ ഹൈടെക് ലാബുകള്‍ ഒരുക്കി. 12678 സ്‌കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും ഏര്‍പ്പെടുത്തി-അദ്ദേഹം വിശദീകരിച്ചു.