
പട്ന: ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്‍.ഡി.എയില്‍ ചേര്‍ന്നു. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പിന്നില്‍നിന്ന് കുത്തിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ആശ്വാസമേകിയതെന്നും മഹാസഖ്യം വിട്ട് വീണ്ടും എന്‍ഡിഎയിലെത്തിയ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നി പറഞ്ഞു.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 25 സീറ്റും ഉപമുഖ്യമന്ത്രി പദവിയും നല്‍കാമെന്നാണ് തേജസ്വി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ അവസാന നിമിഷം വെറും രണ്ട് സീറ്റ് മാത്രമാണു നല്‍കിയത്. അതോടെ മഹാസഖ്യം വിടാന്‍ തീരുമാനിക്കുകയായിരുന്നു. അമിത് ഷായില്‍നിന്ന് ആശ്വാസവാക്കുകള്‍ ലഭിച്ചതോടെ എന്‍ഡിഎയിലേക്കു മടങ്ങി.
തിരഞ്ഞെടുപ്പില്‍ ബി.ജെ.പി തന്റെ പാര്‍ട്ടിക്ക് 11 സീറ്റുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുകേഷ് സാഹ്നി പറഞ്ഞു. തേജസ്വി യാദവിനെതിരെ കടുത്ത വിമര്‍ശനമാണ് മുകേഷ് സാഹ്നി നടത്തിയത്. പാരമ്പര്യത്തിന്റെ പിന്‍ബലത്തില്‍ പാര്‍ട്ടിയുടെ തലപ്പത്തെത്തിയ തേജസ്വിക്ക് പ്രവര്‍ത്തിപരിചയവും അച്ചടക്കവും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉണ്ടായിട്ടും എല്ലാവരും കൈയൊഴിഞ്ഞിട്ടും തങ്ങള്‍ ആര്‍ജെഡിക്കൊപ്പം നിന്നു. പിന്നാക്ക വിഭാഗത്തില്‍ 15 ശതമാനത്തോളം വോട്ടുണ്ട് പാര്‍ട്ടിക്ക്.
മുമ്പ് എന്‍.ഡി.എ വിട്ടുപോകാന്‍ കാരണമായി ഉന്നയിച്ച നിഷാദ് വിഭാഗത്തിന് സംവരണം വേണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കുമെന്ന് പറഞ്ഞ മുകേഷ് സാഹ്നി എന്‍.ഡി.എയുടെ വോട്ട് ഭിന്നിപ്പിച്ച് ആര്‍.ജെ.ഡിക്ക് നേട്ടമുണ്ടാക്കാമെന്ന് തേജസ്വി വിചാരിക്കേണ്ടെന്ന് മുന്നറിയിപ്പും നല്‍കി.