Breaking News

ലൈഫ് മിഷന്‍: സര്‍ക്കാരിനെ വെട്ടിലാക്കി വിജിലന്‍സ്

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ ശരിവച്ച് വിജിലന്‍സ്. പദ്ധതിയുമായി ബന്ധപ്പെട്ട് 4.20 കോടി രൂപയുടെ കമ്മീഷന്‍ ഇടപാടുകള്‍ നടന്നുവെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ കമ്മീഷന്‍ ഇടപാടുകള്‍ നടന്നതായി നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഏജന്‍സി ഇതിന് സ്ഥിരീകരണം നല്‍കുന്നത് ആദ്യമായാണ്. യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍, സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സന്ദീപ് നായര്‍, സരിത്ത് എന്നിവരുടെ ബാങ്ക് രേഖകകളില്‍ നിന്നാണ് കമ്മീഷന്‍ ഇടപാട് നടന്നതായി വിജിലന്‍സ് കണ്ടെത്തിയത്.
യുണിടാക്കും യുഎഇ കോണ്‍സുലേറ്റും തമ്മില്‍ പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിട്ടതിന്റെ പിറ്റേന്ന് ഏഴരക്കോടി രൂപ ആദ്യ ഗഡുവായി യു.എ.ഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ടിലേക്ക് വന്നതായി വിജിലന്‍സ് കണ്ടെത്തി. തൊട്ടടുത്ത ദിവസംതന്നെ ഈ ഏഴരകോടിയില്‍ നിന്ന് നാല് കോടി 20 ലക്ഷം രൂപ സന്ദീപിന്റെ അക്കൗണ്ടിലേക്കെത്തി. ഇതില്‍ നിന്ന് സന്ദീപ് മൂന്ന് കോടി 60 ലക്ഷം രൂപ പിന്‍വലിച്ചു. യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴിയിലും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
ഈ ഇടപാടില്‍ ലഭിച്ച 60 ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്നു. ഈ തുക പലപ്പോഴായി പിന്‍വലിച്ചു. ഈ തുക സന്ദീപിന്റെയും സരിത്തിന്റെയും സ്വപ്നയുടെയും കമ്മീഷനായിരുന്നുവെന്ന് സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയതായാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പറയുന്നത്.
ലൈഫ് മിഷന്‍ പദ്ധതിയെക്കുറിച്ച് യൂണിടാക്കിന് വിവരം നല്‍കിയ യദുസുരേന്ദ്രന് കമ്മീഷന്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും പണം നല്‍കിയില്ലെന്നാണ് ഇന്നലെ ചോദ്യംചെയ്തപ്പോള്‍ യദു നല്‍കിയ മൊഴി. എന്നാല്‍, സന്ദീപിന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച 3 കോടി 60 ലക്ഷം രൂപ ആര്‍ക്ക് കൊടുത്തുവെന്ന കാര്യത്തില്‍ കൂടുതല്‍ വിജിലന്‍സിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. ഈ പണം സ്വപ്നയും സന്ദീപും പങ്കിട്ടെടുത്തിരിക്കാമെന്നും വിജിലന്‍സ് സംശയിക്കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *