Breaking News

ലൈഫ് പദ്ധതി അധോലോക ഇടപാടെന്ന് സി.ബി.ഐ കോടതിയില്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ യൂണിടാക്കിന് പണം ലഭിച്ചത് റെഡ്ക്രസന്റില്‍ നിന്നല്ല, യു.എ.ഇ. കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍ നിന്നാണെന്ന് സി.ബി.ഐ. ലൈഫ് മിഷന്‍ ഇടപാട് അധോലോക ഇടപാടാണെന്നും സി.ബി.ഐ.കോടതിയില്‍ പറഞ്ഞു. ലൈഫ് മിഷനും യുഎഇ റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നും സി.ബി.ഐ.കോടതിയില്‍ പറഞ്ഞു.
യു.എ.ഇ. കോണ്‍സുലേറ്റിന്റെ പണം റെഡ്ക്രസന്റില്‍ നിന്നാണോ വന്നതെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും സി.ബി.ഐ. പറഞ്ഞു. യു.എ.ഇ.കോണ്‍സുല്‍ ജനറലും യൂണിടാക്കും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന കരാര്‍ സംബന്ധിച്ചും വിശദമായ അന്വേഷണം വേണമെന്നും സി.ബി.ഐ. പറഞ്ഞു.
യു.എ.ഇ കോണ്‍സുലേറ്റിലേക്ക് റെഡ്ക്രസന്റില്‍ നിന്ന് പണം വന്നതായി യാതൊരു തെളിവും ഇതുവരെ ലഭ്യമായിട്ടില്ല. ഈ കരാറിലേക്ക് യൂണിടാക്കിനെ എത്തിച്ചത് ടെണ്ടറിന്റെ പിന്‍ബലത്തിലല്ല. ടെണ്ടര്‍ നടപടികളുണ്ടായിട്ടില്ല. കമ്മീഷന്‍ ഉറപ്പിച്ച ശേഷം നടന്ന കരാറാണ് ഇതെന്നാണ് സി.ബി.ഐ. വാദം. 40 ശതമാനം കമ്മീഷന്‍ പോയ പദ്ധതിയാണ് ഇത്. 20 ശതമാനം കോണ്‍സുല്‍ ജനറലിനും 10 ശതമാനം സ്വപ്നയ്ക്കും കമ്മീഷനായി ലഭിച്ചെന്നും സി.ബി.ഐ. പറഞ്ഞു.
ശിവശങ്കരന്‍ തന്റെ ഓഫീസിലേക്ക് ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി.ജോസിനേയും ഗീതു എന്ന ഉദ്യോഗസ്ഥയേയും വിളിച്ച് വരുത്തി. അപ്പോള്‍ മാത്രമാണ് ഇത്തരമൊരു നിര്‍മാണക്കരാറിലേക്ക് എത്തിയ കാര്യം സി.ഇ.ഒ. ആയ യു.വി.ജോസ് അറിയുന്നത്. യൂണിടാക്കിന് എല്ലാ സഹായവും ചെയ്തുകൊടുക്കാന്‍ യു.വി.ജോസിനോട് ശിവശങ്കര്‍ ആവശ്യപ്പെട്ടു.
ഇടപടുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് വാദിച്ച സി.ബി.ഐ ഇടപാടില്‍ സംശയകരമായ നിരവധി കാര്യങ്ങളുണ്ടെന്നും അധോലോക ഇടപാടാണ് നടന്നിരിക്കുന്നതെന്നും വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *