Breaking News

ശബരിമല: ദര്‍ശനം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം

തിരുപ്പതി മാതൃക സ്വീകരിക്കണം
മാസപൂജയ്ക്ക് 5 ദിവസംകൂടി അനുവദിക്കണം

തിരുവനന്തപുരം: ശബരിമല മണ്ഡലകാല ദര്‍ശനത്തിന്റെ കാര്യത്തില്‍ വിദഗ്ധ സമിതി സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ശുപാര്‍ശ സമര്‍പ്പിച്ചത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമാകും മണ്ഡലകാലത്ത് ദര്‍ശനം അനുവദിക്കുക. തിരുപ്പതി മാതൃകയില്‍ ശബരിമലയില്‍ ഓണ്‍ലൈന്‍ ദര്‍ശനം അനുവദിക്കണമെന്നും മാസ പൂജയ്ക്ക് അഞ്ചു ദിവസം കൂടി ദര്‍ശനം അനുവദിക്കാമെന്നും ശുപാര്‍ശയുണ്ട്. സംസ്ഥാനത്തുനിന്നുള്ളവരും പുറത്തുനിന്നുള്ളവരും ദര്‍ശനത്തിനായി സര്‍ക്കാരിന്റെ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. റജിസ്ട്രേഷന് 48 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം. നിലയ്ക്കല്‍ എത്തുമ്പോഴുള്ള ആന്റിജന്‍ പരിശോധനയുടെ ചെലവ് ഭക്തര്‍ വഹിക്കണം. എരുമേലിയും പുല്ലുമേടും ഉള്‍പ്പെടെയുള്ള പരമ്പരാഗത കാനന പാതകള്‍ അടച്ചിട്ട് പമ്പ വഴി മാത്രമാകും സന്നിധാനത്തേക്ക് കയറ്റിവിടുക. പമ്പയില്‍ കുളിക്കാന്‍ അനുവദിക്കില്ല. പമ്പയിലും സന്നിധാനത്തും താമസിക്കാനും കഴിയില്ല. നെയ്യഭിഷേകം ഉണ്ടാകും.
തീര്‍ഥാടനത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ പ്രതിദിനം 1000 പേര്‍ക്കാകും പ്രവേശനം. ശനിയും ഞായറും 2000 പേരെ അനുവദിക്കും. അടുത്ത ഘട്ടം പ്രതിദിനം 5000 പേര്‍ക്കു വരെ ദര്‍ശനം അനുവദിക്കാമെന്നാണ് വിലയിരുത്തല്‍. 10 വയസ്സിനു താഴെയും 65 നു മുകളിലുമുള്ളവര്‍ക്ക് നിയന്ത്രണമുണ്ട്. 10 വയസ്സിനു താഴെയുള്ളവര്‍ക്ക് ദര്‍ശനത്തിന് അനുവാദമില്ല. 65 നു മുകളിലുള്ളവര്‍ കോവിഡ് സര്‍ട്ടിഫിക്കറ്റിനു പുറമേ ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന പ്രത്യേക സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. സമിതി ശുപാര്‍ശ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.
എന്നാല്‍, വിശ്വാസപരമായ കാര്യങ്ങളില്‍ തന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഓണ്‍ലൈന്‍ ദര്‍ശനം, മാസ പൂജയ്ക്ക് കൂടുതല്‍ ദിവസം ദര്‍ശനം എന്നിവയില്‍ തന്ത്രിയുടെ തീരുമാനം അനുസരിച്ചായിരിക്കും നടപടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *