Breaking News

വർക്കലയിൽ ബാങ്കിൽ നിന്നും 81 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച യുവതികൾ പിടിയിൽ

വർക്കല : കേരള ബാങ്കിന്റെ വർക്കല പുത്തൻചന്ത ശാഖയിൽ 81 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച യുവതികൾ പിടിയിൽ. വർക്കല ശ്രീനിവാസപുരം അരുണഗിരിയിൽ സുഭദ്ര മകൾ രേഖവിജയൻ (33), വർക്കല ചെറുകുന്നം പള്ളിക്ക് താഴെ കണ്ണങ്കര വീട്ടിൽ അയിഷയുടെ മകൾ സൽമ(42) എന്നിവരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.

വർക്കല നഗരസഭയിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി (CDS) ചെയർപേഴ്സൺ ഭവാനിയമ്മയുടെ വ്യാജ ഒപ്പും , സീലും , ലെറ്റർ പാഡും, മെമ്പർ സെക്രട്ടറിയുടെ ഒപ്പും, ഓഫീസ് സീലും, ഉപയോഗിച്ച് ശുപാർശ കത്തും, അഫിലിയേഷൻ സർട്ടിഫിക്കറ്റും ആണ് യുവതികൾ വ്യാജമായി നിർമ്മിച്ചത്.

വാർഡ് തലങ്ങളിൽ ഒരാളിന് അറുപതിനായിരം രൂപ വച്ച് അഞ്ചു സ്ത്രീകളടങ്ങുന്ന 27 ഗ്രൂപ്പുകൾക്ക് വായ്പ ഇനത്തിൽ പണം തട്ടിയെടുക്കാനാണ് യുവതികൾ ശ്രമിച്ചത്. ചെയർപേഴ്സൺ എന്നു കാണിച്ചു വ്യാജ ലെറ്റർ പാഡിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചപ്പോൾ സംസാരിച്ച യുവതിയുടെ ശബ്ദത്തിൽ സംശയം തോന്നിയ ബാങ്ക് അധികൃതർ ഇന്റർനെറ്റിൽ നിന്നും വർക്കല സിഡിഎസ് ചെയർപേഴ്സന്റെ നമ്പർ ശേഖരിച്ച് വിളിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത് .

യുവതികൾ വ്യാജരേഖകളുമായി പണം തട്ടാനായി ബാങ്കിലെത്തിയപ്പോൾ

ഉടൻതന്നെ സിഡിഎസ് ചെയർപേഴ്സൺ ഭവാനിയമ്മ നേരിട്ട് കേരളബാങ്കിൽ എത്തുകയും രേഖകൾ ഒന്നും താൻ നൽകിയതല്ലെന്ന് നേരിട്ട് കണ്ട് ഉറപ്പുവരുത്തുകയും ചെയ്തു. തട്ടിപ്പ് മനസ്സിലാക്കിയ ബാങ്ക് അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു

സിഡിഎസ് ചെയർപേഴ്സൺ ഭവാനിയമ്മ, മുനിസിപ്പൽ സൂപ്രണ്ട് , നഗരസഭാ സെക്രട്ടറി , എന്നിവർ ഈ തട്ടിപ്പ് സംബന്ധിച്ച് പ്രത്യേകം പരാതികൾ പോലീസിൽ നൽകിയിട്ടുണ്ട്

ഇത്തരത്തിൽ സമാനമായ മറ്റു തട്ടിപ്പുകൾ ഈ യുവതികൾ നടത്തിയിട്ടുണ്ടോ എന്നും ഇവരോടൊപ്പം മറ്റാർക്കെങ്കിലും ഈ തട്ടിപ്പിൽ പങ്കുണ്ടോ എന്നുമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. ശനിയാഴ്ച വൈകുന്നേരം മുതൽ യുവതികളെ പോലീസ് നിരീക്ഷണത്തിൽ ആക്കി .

യുവതികൾക്ക് ഈ വ്യാജ രേഖകൾ ഒന്നും ഒറ്റയ്ക്ക് നിർമ്മിക്കാൻ കഴിയുന്നതല്ല ആയതിനാൽ ഇവർക്ക് പിന്നിൽ വൻ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് ലഭിക്കുന്ന വിവരം.

വർക്കല ഡിവൈഎസ്പി പി നിയാസിന്റെ നിർദ്ദേശാനുസരണം വർക്കല എസ് എച്ച് ഒ സനോജ് എസ്, സബ് ഇൻസ്പെക്ടർ രാഹുൽ പി ആർ, പ്രൊബേഷൻ എസ് ഐ മനോജ്, എ എസ് ഐ മാരായ ഫ്രാങ്ക്ളിൻ, ബിജുകുമാർ,എസ് സി പി ഒ മാരായ ഹേമവതി,സുരജ,ബ്രിജിലാൽ, സി പി ഒ മാരായ ഷിറാസ്, സുജിത്ത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പ്രതികൾ സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നതായും വർക്കല എസ് എച്ച് ഒ സനോജ് എസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *