
തിരുവനന്തപുരം: വിമാനത്താവളത്തിൽ അതിജാഗ്രത പാലിക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്) അധികൃതരുടെ നിർദേശം. കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന്റെ അറിയിപ്പിനെ തുടർന്നാണിത്. അതിർത്തിയിലെ സംഘർഷാവസ്ഥയും തീവ്രവാദി ഭീഷണിയും മുൻനിർത്തിയാണ് ജാഗ്രതാനിർദേശം. സുരക്ഷയ്ക്കായി രണ്ടു ദിവസം മുൻപ് വിമാനത്താവളത്തിൽ അടിയന്തരയോഗം ചേർന്നിരുന്നു. വിമാനത്താവള ഡയറക്ടർ സി.വി. രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു യോഗം. റൺവേയടക്കമുള്ള എല്ലായിടത്തും കൂടുതൽ സുരക്ഷാഭടൻമാരെ നിയോഗിച്ചു. മുഴുവൻ സമയവും ക്വിക്ക് റെസ്‌പോൺസ് ടീമിന്റെ (ക്യൂ.ആർ.ടി.) സേവനവും ഏർപ്പെടുത്തി. പരിശോധനകൾ കർശനമാക്കി. യാത്രക്കാർ കൃത്യസമയത്ത് തന്നെ എത്തിച്ചേരാനുള്ള നടപടികൾ എയർലൈൻ ഏജൻസികൾ ശ്രദ്ധിക്കണമെന്നും ബി.സി.എ.എസ്. അറിയിച്ചിട്ടുണ്ട്.
ബാഗുകൾ സാധാരണ പരിശോധനയ്ക്ക് പുറമേ സി.ഐ.എസ്.എഫിന്റെ നേതൃത്വത്തിൽ ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവർ പരിശോധിക്കും. തുടർന്ന് ഇവ വീണ്ടും എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കും. യാത്രക്കാരെയും കർശനമായി പരിശോധിക്കുവാനാണ് നിർദേശം. യാത്രക്കാരെ സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ പ്രത്യേകം നിരീക്ഷിക്കും. വിമാന ഏജൻസികൾ അവരവരുടെ സുരക്ഷാ ജീവനക്കാരെ ഉപയോഗിച്ച് സെക്കൻഡറി ലാഡർ പോയിന്റ് എന്ന പരിശോധന നടത്തണമെന്നാണ് ബി.സി.എ.എസ്. നിർദേശം. വിമാനത്താവളത്തിന് പുറത്തും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്, സംസ്ഥാന പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് പരിശോധന.