
കല്ലമ്പലം : രാത്രി വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ ഉപദ്രവിച്ച കേസിൽ പ്രതി പിടിയിൽ. ഒറ്റൂർ, മൂങ്ങോട് പേരേറ്റിൽ തോക്കാലയൽ സജി നിവാസിൽ ബംഗാളി സജി എന്ന് വിളിക്കുന്ന സജികുമാർ (44)ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ദീപാവലി ദിവസമായിരുന്നു സംഭവം. ടിവി കണ്ടുകൊണ്ടിരുന്ന വീട്ടമ്മയെ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. തടയാൻ ശ്രമിച്ചപ്പോൾ പ്രതി കൂരമായ ദോഹോപദ്രവും ഏല്പിച്ചു. മദ്യത്തിനും മറ്റ് ലഹരിമരുന്നുകൾക്കും അടിമയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
ദൂരദേശങ്ങളിൽ ജോലിക്ക് പോകുന്ന ഇയാൾ മാസത്തിൽ മൂന്നും നാലും ദിവസങ്ങളിൽ നാട്ടിൽ വരികയാണ് പതിവ്. ആ സമയത്ത് ഇയാൾ കൊടും കുറ്റകൃത്യങ്ങൾ ചെയ്യുകയും പിന്നീട് നാടുവിടുകയുമാണ് പതിവെന്നും കല്ലമ്പലം പോലീസ് വ്യക്തമാക്കി. ഇയാൾക്കെതിരെ വധശ്രമത്തിനും, ബസ്സിൽ വച്ച് പെൺകുട്ടിയെ അപമാനിച്ചതിനും കേസ്സുകൾ കല്ലമ്പലം പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾ നാട്ടിലെ പൊതു ശല്യമാണെന്നും, കല്ലമ്പലം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ട ആളാണെന്നും പോലീസ് കൂട്ടിച്ചേർത്തു. അറസ്റ്റു ചെയ്ത പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.



