
അറ്റ്‌ലാന്റ: കേറ്റ് റൂബിന്‍സ് ബഹിരാകാശത്തുനിന്ന് വോട്ട് ചെയ്യാനുള്ള തയാറെടുപ്പിലാണ്. ഒക്ടോബര്‍ പകുതിയോടെ രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലേക്കു പോകുന്ന നാസയുടെ ബഹിരാകാശ യാത്രിക കേറ്റ് റൂബിന്‍സ് ഇത്തവണ യുഎസ് തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യുക ഭൂമിയുടെ 200 മൈലുകള്‍ക്ക് മുകളില്‍നിന്നായിരിക്കും. രണ്ട് റഷ്യന്‍ കോസ്‌മോനോട്ടുകള്‍ക്കൊപ്പം രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലേക്കു പോകുന്ന ഇവര്‍ ആറുമാസത്തെ താമസത്തിനു ശേഷമാണ് തിരിച്ചെത്തുക.
വോട്ട് ചെയ്യുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ബഹിരാകാശത്തുനിന്നു വോട്ട് ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഭൂമിയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയുമെന്നു വിശ്വസിക്കുന്നു. ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുക എന്നത് പ്രധാനപ്പെട്ടതാണ്. ബഹിരാകാശത്തുനിന്നു വോട്ട് ചെയ്യുന്നത് അംഗീകാരമായി കണക്കാക്കുന്നു’ – ഇപ്പോള്‍ മോസ്‌കോയിലുള്ള കേറ്റ് റൂബിന്‍സ് വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റഡ് പ്രസിനോടു (എപി) പറഞ്ഞു.
യുഎസിന്റെ ബഹിരാകാശ സഞ്ചാരികള്‍ ടെക്‌സാസിലെ ഹൂസ്റ്റണിലാണ് കഴിയുന്നത്. ബഹിരാകാശത്തുനിന്ന് ഇലക്ട്രോണിക് ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താന്‍ ടെക്‌സാസിലെ നിയമം അനുവദിക്കുന്നുണ്ട്. നവംബര്‍ മൂന്നിനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. നേരത്തേയും നാസയുടെ ബഹിരാകാശ യാത്രികര്‍ ബഹിരാകാശത്തുനിന്നു വോട്ട് ചെയ്തിട്ടുണ്ട്. റുബിന്‍സും ഷെയ്ന്‍ കിംബ്രോവും രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണു വോട്ട് ചെയ്തത്.