
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍. വീട് റെയ്ഡ് ചെയ്യാനെത്തിയ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ സുരക്ഷാ ഉദ്യോഗസ്ഥരും ബിനീഷിന്റെ ബന്ധുക്കളും തമ്മിലുള്ള തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
റെയ്ഡിന് ശേഷം മഹസര്‍ ഒപ്പിട്ട് നല്കാന് ബിനീഷിന്റെ ഭാര്യ തയാറാകാത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ബിനീഷിന്റെ വീട്ടില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയെന്ന് പറയുന്ന പല രേഖകളും അവര്‍ കൊണ്ടുവന്നതാണെന്നാണ് ബിനീഷിന്റെ ഭാര്യ ആരോപിക്കുന്നു.
മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയിലുള്ള അനൂപ് മുഹമ്മദിന്റെ ഡെബിറ്റാ കാര്‍ഡും ഈ രേഖകളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, മഹസറില്‍ ഒപ്പിട്ട് നല്‍കാതെ തിരിച്ചുപോകാന്‍ പറ്റില്ലെന്ന നിലപാട് ഇ.ഡിയും സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറായി ബിനീഷിന്റെ വീട്ടില്‍ തുടരുകയാണ്.
ഇന്ന് രാവിലെ ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ വീടിന് മുന്നില്‍ എത്തി. എന്നാല്‍, ഇവരെ അകത്തേക്ക് കടത്തിവിടാനോ ബിനീഷിന്റെ ഭാര്യയുമായി ആശയവിനിമയം നടത്താനോ അന്വേഷണ സംഘം അനുവദിച്ചില്ല.
തുടര്‍ന്ന്, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയൊരുക്കുന്ന സി.ആര്.പി.എഫ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമായി. അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമതി ലഭിക്കാതെ ആരെയും അകത്തേക്ക് കടത്തിവിടില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിലപാട്.
അതോടെ, ബന്ധുക്കള്‍ വീടിന് മുന്നില്‍ കുത്തിയിരുപ്പ് സമരത്തിലേക്ക് കടന്നു. ബിനീഷിന്റെ ഭാര്യയുടെ അമ്മയും വീടിനുള്ളിലുണ്ട്. മനുഷ്യത്വരഹിതമായ നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്ന് ബിനീഷിന്റെ അമ്മയുടെ സഹോദരി ആരോപിച്ചു.
ഒന്നുകില്‍ വീടുനുള്ളിലുള്ളവരെ കാണാന്‍ അനുവദിക്കണം. അല്ലെങ്കില്‍ അറസ്റ്റ് ചെയ്യട്ടെ എന്ന നിലപാടിലാണ്് ബിനീഷിന്റെ ബന്ധുക്കള്‍. വീടിനുള്ളില്‍ കുഞ്ഞുകൂടി ഉള്ളതിനാല്‍ ബാലാവകാശ കമ്മീഷന് ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഇതിനിടെ, വിവരമറിഞ്ഞ് പൂജപ്പുര പോലീസും എത്തി. പോലീസിനോട് ബന്ധുക്കള്‍ പരാതി പറഞ്ഞെങ്കിലും അവര്‍ പ്രശ്നത്തില്‍ ഇടപെടാന്‍ തയാറായില്ല. ബിനീഷിന്റെ ഭാര്യയ്ക്ക് ബന്ധുക്കളെ ഇപ്പോള്‍ കാണാന്‍ താല്പര്യമില്ലെന്ന് പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ അറിയിച്ചെങ്കിലും അത് വിശ്വസിക്കാന്‍ അവര്‍ തയാറായിട്ടില്ല.