
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റ ചെയ്യാനായിരുന്നു കസ്റ്റംസിന്റെ നീക്കമെന്ന് സൂചന. ഇതിനായി പ്രിവന്റീവ് ഡിവിഷന്‍ ഓഫീസിലേക്ക് കൊണ്ടുപോകുമ്പോഴാണ് ശിവശങ്കറിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതും ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നതും.
ശിവശങ്കര്‍ വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന കേസ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഏകദേശം രണ്ട് ലക്ഷത്തോളം ഡോളര്‍ വിദേശത്തേക്ക് കടത്താന്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയ്ക്കും കൂട്ടര്‍ക്കും സഹായം ചെയ്തുകൊടുത്തുവെന്നാണ് കസ്റ്റംസിന്റെ നിഗമനം.
ഈ നിഗമനങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ കസ്റ്റംസ് ശേഖരിച്ചുകഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം. ബാങ്ക് ഉദ്യോഗസ്ഥരില്‍നിന്ന് ഇതിന്റെ തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചതായി സൂചനയുണ്ട്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കേസിലാണ്. അതുകൊണ്ടുതന്നെ ഇന്നലെ കസ്റ്റംസ് അറസ്റ്ര് രേഖപ്പെടുത്തിയിരുന്നുവെങ്കില്‍ ശിവശങ്കറിന് മൂന്ന് രാത്രിയും രണ്ട് പകലും ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നു.
അത് കണക്കാക്കിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിന് നീക്കങ്ങള്‍ നടത്തിയതും. വെള്ളിയാഴ്ച കോടതി സമയം കഴിഞ്ഞതിന് ശേഷമാണ് കസ്റ്റംസ് ശിവശങ്കറിന്റെ പൂജപ്പുരയിലുള്ള വീട്ടിലെത്തി സമന്‍സ് നല്‍കിയശേഷം കൂടെ വരാന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത് കസ്റ്റംസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. കസ്റ്റംസ് കേസില്‍ ശിവശങ്കര്‍ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിച്ചേക്കുമെന്നാണ് സൂചന. അതേസമയം, ആശുപത്രിയില്‍ കഴിയുന്ന ശിവശങ്കറിനെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി. അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ആശുപത്രി വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം. എങ്കിലും അദ്ദേഹം നിരീക്ഷണത്തില്‍ തുടരുമെന്നാണ് ആശുപത്രി അധികൃതരില്‍നിന്ന് ലഭിക്കുന്ന സൂചന.
ഇന്ന് രാവിലെയും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ശിവശങ്കറിന്റെ ആരോഗ്യ വിവരങ്ങള്‍ സംബന്ധിച്ച് ആശുപത്രി അധികൃതരില്‍നിന്ന് വിവരങ്ങള്‍ തേടി. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശുപത്രിയുടെ ഔദ്യോഗിക മെഡിക്കല്‍ ബുള്ളറ്റിന്‍ വൈകാതെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.