
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍. തീയതി നിശ്ചയിട്ടില്ലെന്നും വാര്‍ത്താ സമ്മേളനത്തിലൂടെയായിരിക്കും തീയതി പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഒരു മാസം നീട്ടിവയ്ക്കാന്‍ സര്‍വ്വകക്ഷിയോഗം തീരുമാനിച്ചിരുന്നു. നവംബര്‍ 11 ന് നിലവിലെ ഭരണസമിതികളുടെ കാലാവധി അവസാനിക്കും.
ഡിസംബര്‍ 15ന് മുന്‍പ് ഭരണസമിതികള്‍ അധികാരമേല്‍ക്കുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തും.
കോവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടിംഗ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കും, പ്രചാരണത്തിനു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും, പൊതുസമ്മേളനങ്ങളില്‍ ആളുകള്‍ക്ക് നിയന്ത്രണമുണ്ടാകും, വീടുകള്‍ കയറിയിറങ്ങിയുള്ള വോട്ടുപിടിത്തത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തും തുടങ്ങി കാതലായ മാറ്റങ്ങള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വരുത്തും. തിരഞ്ഞെടുപ്പ് ജോലിക്കു നിയോഗിക്കുന്ന 1.5 ലക്ഷം ജീവനക്കാര്‍ക്ക് മാസ്‌കും കൈയ്യുറകളും നല്‍കും. ശാരീരിക അകലം പാലിച്ചായിരിക്കും ബൂത്തിലെ ക്രമീകരണങ്ങള്‍. എല്ലാ ബൂത്തിലും സാനിറ്റൈസര്‍ ഉണ്ടായിരിക്കും. 75 വയസു കഴിഞ്ഞവര്‍ക്കും കോവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ വോട്ടിനുള്ള സാഹചര്യം പരിശോധിക്കുന്നുണ്ട്.