Breaking News

ചെറുകിട-ഇടത്തരം വായ്പക്കാര്‍ക്ക് ആശ്വാസവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ലോക് ഡൗണിനെ തുടര്‍ന്ന് പ്രഖ്യാപിച്ച മൊറട്ടോറിയം കാലയളവില്‍ ചെറുകിട-ഇടത്തരം വായ്പക്കാര്‍ക്ക് ആശ്വാസവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് പലിശക്ക് പിഴ പലിശ ഈടാക്കുന്നത് ഒഴിവാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി എടുത്ത വായ്പ എന്നിവയ്ക്ക് ആണ് ഇളവ് ലഭിക്കുക. രണ്ട് കോടി രൂപയ്ക്ക് മുകളില്‍ ഉള്ള വായ്പയ്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല എന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ക്രെഡിറ്റ് റേറ്റിംഗ് കുറയ്ക്കല്‍, വായ്പകള്‍ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കല്‍ തുടങ്ങിയവയിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പിഴ പലിശ ഒഴിവാക്കുന്നതിലൂടെ 6000 കോടി രൂപയുടെ ബാധ്യത ബാങ്കുകള്‍ക്ക് ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്.
മൊറട്ടോറിയം കാലയളവിലെ പലിശ പൂര്‍ണ്ണമായും എഴുതി തള്ളിയാല്‍ ബാങ്കുകള്‍ക്ക് ആറ് ലക്ഷം കോടി യുടെ ബാധ്യത ഉണ്ടാകും എന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ബാങ്കുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും എന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *