
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഹാരിസ് ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ നജ്മ. നഴ്സിങ് ഓഫിസര്‍ ജലജാദേവിയുടെ പേരില്‍ പ്രചരിച്ച ശബ്ദസന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യമാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഡോക്ടര്‍ നജ്മ.
കോവിഡ് രോഗിയുടെ മുഖത്ത് മാസ്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും വെന്റിലേറ്റര്‍ ട്യൂബ് ഘടിപ്പിച്ചിരുന്നില്ലെന്നും ഡോക്ടര്‍ നജ്മ പറയുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാണ് തന്നോട് ഇത് പറഞ്ഞതെന്നും അവര്‍ വെളിപ്പെടുത്തി. താന്‍ ഇക്കാര്യം മുതിര്‍ന്ന ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും സംഭവം മൂടിവയ്ക്കാനാണ് അവര്‍ ആവശ്യപ്പെട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സമാന അനുഭവങ്ങള്‍ തനിക്കും ഉണ്ടായിട്ടുണ്ടെന്നും വിവരം പുറത്തുപറഞ്ഞ നഴ്സിങ് ഓഫിസര്‍ക്കെതിരായ അച്ചക്കടനടപടി ശരിയല്ലെന്നും അവര്‍ പറഞ്ഞു. വീഴ്ച അറിഞ്ഞിട്ടും റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ ഡോക്ടര്‍മാരും കുറ്റക്കാരെന്നും തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും അവര്‍ വ്യക്തമാക്കി. ഇതു പറഞ്ഞതിന് തനിക്കെതിരെയും നടപടി വന്നേക്കാമെന്നും നജ്മ കൂട്ടിച്ചേര്‍ത്തു.