
പത്തനംതിട്ട: ബിജെപി നേതാവ് കുമ്മനം രാജശേഖരനെ നാലാം പ്രതിയാക്കി ആറന്മുള പോലീസ് രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക്. പരാതിക്കാരനായ ഹരികൃഷ്ണന്‍ കുമ്മനത്തിനെതിരെയുള്ള പരാതി പിന്‍വലിച്ചതോടെയാണ് കേസ് ഒത്തുതീര്‍പ്പിലെത്തിയത്.
പാലക്കാട് കഞ്ചിക്കോട് ആസ്ഥാനമായി ഭാരത് ബയോ പോളിമര്‍ ഫാക്ടറി എന്ന കമ്പനിയില്‍ നിക്ഷേപകനാക്കാമെന്ന് പറഞ്ഞ് ആറന്മുള സ്വദേശിയായ ഹരികൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്ന് 35 ലക്ഷം രൂപ കുമ്മനത്തിന്റെ മുന്‍ പിഎ പ്രവീണ്‍ വാങ്ങിച്ചിരുന്നു. എന്നാല്‍, സ്ഥാപനം തുടങ്ങുകയോ പണം തിരികെ നല്‍കുകയോ ചെയ്തിരുന്നില്ല.
തുടര്‍ന്ന് പരാതിക്കാരന്‍ പാര്‍ട്ടി നേതൃത്വത്തെ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ഹരികുമാര്‍ ഇടപെട്ട് 6.25 ലക്ഷം രൂപ മടക്കിനല്‍കുകയും ചെക്കുകള്‍ മുഴുവന്‍ തിരികെ വാങ്ങുകയും ചെയ്തിരുന്നു.
രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ബാക്കിതുകയായ 28.75 ലക്ഷം രൂപ തിരിച്ചുനല്‍കാത്ത സാഹചര്യത്തിലാണ് ഹരികൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കിയത്. കുമ്മനത്തിന്റെ മുന്‍ പിഎ പ്രവീണാണ് ഒന്നാം പ്രതി. ഇയാളുടെ പങ്കാളിയായ വിജയനും അദ്ദേഹത്തിന്റെ കുടുംബാഗങ്ങളും മാനേജറും ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ഹരികുമാറും പ്രതി പട്ടികയിലുണ്ട്.
സ്ഥാപനവുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തില്‍ പ്രവീണിനെ നേരിട്ട് കാണുകയും നല്ല സംരംഭമാണെന്ന് വിശ്വസിപ്പിക്കാന്‍ കുമ്മനം ശ്രമിച്ചിരുന്നുവെന്നും ഹരികൃഷ്ണന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. തനിക്ക് ലഭിക്കാനുള്ള തുക ബാങ്ക് അക്കൗണ്ട് വഴി ലഭിച്ചുവെന്ന് പരാതിക്കാരന്‍ പരാതി പിന്‍വലിക്കാന്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു.