
കോഴിക്കോട്: കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച ചെയ്താണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി ചേര്‍ന്ന് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. ഇപ്പോള്‍ സി.പി.എം വെല്‍ഫെയര്‍ പാര്‍ട്ടിയെ വര്‍ഗീയ പാര്‍ട്ടിയെന്ന് വിളിക്കുമ്പോഴും കഴിഞ്ഞ തവണ കോടിയേരിയുമായി ചര്‍ച്ച ചെയ്ത കാര്യം സി.പി.എമ്മിന് നിഷേധിക്കാന്‍ കഴിയില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
മുക്കം മുനിസിപ്പാലിറ്റി, മലപ്പുറം കൂട്ടിലങ്ങാടി പഞ്ചായത്ത്, ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി, പണാവള്ളി പഞ്ചായത്ത് തുടങ്ങി വെല്‍ഫെയര്‍ പാര്‍ട്ടിയും സി.പി.എമ്മും ചേര്‍ന്ന് ഭരണം നടത്തുന്ന തദ്ദേശ സ്ഥാപനങ്ങള്‍ എടുത്തുപറഞ്ഞ ഹമീദ് വാണിയമ്പലം സി.പി.എമ്മുമായി ചേര്‍ന്ന് വിവിധ ജില്ലകളിലെ അനേകം വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിച്ചിട്ടുണ്ടെന്നും തുറന്നടിച്ചു.
ദേശീയ തെരഞ്ഞെടുപ്പ് നിലപാടിന്റെ ഭാഗമായി മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ വേണ്ടി മാത്രമാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണച്ചത്. മോദിക്കെതിരായ നിലാപാടിലൂടെ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ലഭിച്ച ജനപിന്തുണ ഇപ്പോഴും ഞങ്ങള്‍ക്കുണ്ടെന്ന് സി.പി.എം ഭയക്കുന്നുണ്ടെന്ന് പറഞ്ഞ ഹമീദ് വാണിയമ്പലം തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മുന്‍തൂക്കം കൊടുത്തുള്ള നീക്കുപോക്കുമായി വെല്‍ഫെയര്‍പാര്‍ട്ടി മുന്നോട്ട് പോകുമെന്നും പറഞ്ഞു.
ഒറ്റയ്ക്ക് മത്സരിക്കുമ്പോള്‍ പ്രസക്തിയില്ലെന്ന് കരുതി ഞങ്ങളെ എന്തിന് ഭയപ്പെടണമെന്നായിരിക്കും ചിലര്‍ ചിന്തിക്കുന്നത്. എന്നാല്‍ ഒരു ട്രെന്‍ഡ് ക്രിയേറ്റ് ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിവുണ്ട് എന്ന് കഴിഞ്ഞകാല സംഭവങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാവും. അത് സി.പി.എമ്മിനും അറിയാമെന്നും അദ്ദേഹം പറഞ്ഞു.