
ഹൈലൈറ്റ്:
- ഐപിഎൽ 2020ന് മായന്തിയില്ല
- കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം
- ട്വിറ്ററിൽ മകൻെറ ചിത്രം പങ്കുവെച്ചു
ഇന്ത്യൻ പ്രീമിയർ ലീഗ് 2020ൻെറ അവതാരകരുടെ ലിസ്റ്റ് ബ്രോഡ്കാസ്റ്റേഴ്സായ സ്റ്റാർ സ്പോർട്സ് പുറത്ത് വിടുമ്പോൾ അക്കൂട്ടത്തിൽ മായന്തി ലാംഗർ ഉണ്ടായിരുന്നില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലീഗിൻെറ മുഖമാണ് മായന്തിയെന്ന അവതാരക. എന്ത് കൊണ്ടാണ് അവർ മാറിനിൽക്കുന്നതെന്ന് വ്യക്തമായിരുന്നില്ല. ആരാധകർ മായന്തിയെ തിരികെ കൊണ്ടു വരണമെന്ന് അഭ്യർഥിച്ചു. മായന്തി ഐപിഎല്ലിനില്ലാത്തതുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു.
എന്നാലിപ്പോഴിതാ താൻ എന്ത് കൊണ്ട് യുഇഎ ഐപിഎല്ലിൻെറ ഭാഗമാവുന്നില്ലന്ന് മായന്തി ലാംഗർ തന്നെ രംഗത്തെത്തിയിരിക്കുന്നു. ഒരു സന്തോഷവാർത്തയാണ് പങ്കുവെക്കാനുള്ളത്. മായന്തിയുടെയും ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ സ്റ്റ്യുവർട്ട് ബിന്നിയുടെയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തിയിരിക്കുന്നു. ഏകദേശം ഒന്നരമാസം മുമ്പാണ് മായന്തി ആൺകുഞ്ഞിന് ജൻമം നൽകിയത്.
എല്ലായ്പോഴും സ്റ്റാർ സ്പോർട്സ് തനിക്ക് നൽകിയ പിന്തുണയ്ക്ക് മായന്തി നന്ദി പറഞ്ഞു. നേരത്തെ നിശ്ചയിച്ചിരുന്ന സമയത്ത് തന്നെ ഐപിഎൽ നടന്നിരുന്നുവെങ്കിൽ അവതാരകയായി താൻ തന്നെ ഉണ്ടാവുമായിരുന്നുവെന്നും അവർ വ്യക്തമാക്കി. ബിന്നിക്കും മകനുമൊപ്പമുള്ള ചിത്രവും കുറിപ്പുമാണ് മായന്തി ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.