Breaking News

ഇഞ്ചോടിഞ്ച് പോരാട്ടം: ആകാംക്ഷയ്‌ക്കൊടുവില്‍ എന്‍.ഡി.എ വിജയത്തിലേക്ക്

പട്ന: ആകാംക്ഷാഭരതിമായ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ബിഹാറില്‍ എന്‍.ഡി.എ വിജയത്തിലേക്ക്. അര്‍ദ്ധരാത്രിക്കപ്പുറംവരെ നീണ്ട വോട്ടെണ്ണലിലുടനീളം ലീഡ് നില മാറിമറിഞ്ഞ പോരാട്ടത്തില്‍ 125 സീറ്റുകള്‍ നേടിയാണ് എന്‍.ഡി.എ ഭരണം നിലനിര്‍ത്തിയത്.
കേവല ഭൂരിപക്ഷത്തിന് വേണ്ട 122 സീറ്റ് മറികടക്കുന്നത് ആരായിരിക്കും എന്ന കാര്യത്തില്‍ വോട്ടെണ്ണലിന്റെ അവസാന ലാപ്പുവരെ ഇരുവിഭാഗത്തിനും നിശ്ചയമുണ്ടായിരുന്നില്ല. എന്നാല്‍, അവസാനം മികച്ച പോരാട്ടം നടത്തിയ മഹാസഖ്യത്തിന് 110 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ഏറ്റവും വലിയ ഒറ്റകക്ഷിയാവാനും ബി.ജെ.പിയും ആര്‍.ജെ.ഡിയും തമ്മില്‍ കടുത്ത മത്സരമാണ് നടന്നത്. അക്കാര്യത്തില്‍ പക്ഷേ, അന്തിമ വിജയം ആര്‍.ജെ.ഡി നേടി. 75 സീറ്റുകള്‍ നേടി ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റ കക്ഷിയായപ്പോള്‍ 74 സീറ്റുകളോടെ ബി.ജെ.പി തൊട്ടടുത്ത് നിലയുറപ്പിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേതൃത്വം കൊടുക്കുന്ന ജെ.ഡി.യുവിന് 43 സീറ്റുകള്‍ നേടാനേ സാധിച്ചുള്ളൂ. കോണ്‍ഗ്രസ് 19 സീറ്റുകളില്‍ ഒതുങ്ങി. എന്നാല്‍, 29 സീറ്റുകളില്‍ മത്സരിച്ച ഇടതുപാര്‍ട്ടികള്‍ മികച്ച നേട്ടമുണ്ടാക്കി. 16 സീറ്റുകളാണ് ഇടതുപാര്‍ട്ടികള്‍ നേടിയത്.
എന്‍.ഡി.എയുമായി പിണങ്ങി ഒറ്റയ്ക്ക് മത്സരിച്ച എല്‍.ജെ.പിക്ക് ഒരു സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അസറുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം 5 സീറ്റുകള്‍ നേടി. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും നാല് സീറ്റുകള്‍ വീതം നേടി.
ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അവസാനിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ സാധൂകരിക്കുന്ന രീതിയില്‍ മുന്നേറിയെങ്കിലും പതുക്കെ പതുക്കെ എന്‍.ഡി.എ മത്സരത്തിലേക്ക് തിരിച്ചുവന്നു.
ഭരണത്തുടര്‍ച്ച ഉറപ്പായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചു. ഇതിനിടെ, തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണവുമായി ആര്‍.ജെ.ഡി രംഗത്തെത്തി. സമാന ആരോപണം കോണ്‍ഗ്രസ് പാര്‍ട്ടിയും ഉന്നയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *