Breaking News

മൊറൊട്ടോറിയം: സത്യവാങ്മൂലത്തില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി

ന്യൂഡല്‍ഹി: മൊറട്ടോറിയം കേസില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വായ്പകളുടെ കാര്യത്തിലാണ് സുപ്രീംകോടതി വ്യക്തതക്കുറവ് ചൂണ്ടിക്കാട്ടിയത്. ഇക്കാര്യം വ്യക്തമാക്കി അധിക സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.
രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് പലിശക്ക് പിഴ പലിശ ഈടാക്കുന്നത് ഒഴിവാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി എടുത്ത വായ്പ എന്നിവയ്ക്കാണ് ഇളവ് ലഭിക്കുക. രണ്ടു കോടി രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല എന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ആ സത്യവാങ്മൂലത്തില്‍ പൂര്‍ണമായ വിവരങ്ങള്‍ ഇല്ല എന്നാണ് ഇപ്പോള്‍ സുപ്രീം കോടതി വ്യക്തമാക്കുന്നത്. 2 കോടി വരെയുള്ള വായ്പകളുടെ കാര്യത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് അറിയിച്ചത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലും മറ്റു മേഖലയിലുമുള്ള വലിയ വായ്പകള്‍ എങ്ങനെ പുനഃക്രമീകരിക്കുമെന്ന ചോദ്യം കോടതി ഉന്നയിച്ചിരുന്നു. ആ ചോദ്യത്തിന് ഉത്തരം നല്‍കിയിട്ടില്ല. മാത്രമല്ല, വന്‍കിട വായ്പകള്‍ പുനഃക്രമീകരിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് ആര്‍ബിഐ ഒരു കമ്മിറ്റിയെ നിയമിച്ചിരുന്നു. ആ കമ്മിറ്റി നിരവധി ശുപാര്‍ശകള്‍ അടങ്ങിയിട്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആ റിപ്പോര്‍ട്ട് പോലും കോടതിയില്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്നും കോടതി വിമര്‍ശിച്ചു.
റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് എന്ത് തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും കോടതി ചോദിച്ചു. എത്രയും പെട്ടെന്ന് പുതിയ സത്യവാങ്മൂലം നല്‍കണമെന്നും റിയല്‍ എസ്റ്റേറ്റുള്‍പ്പെടെയുള്ള മേഖലകള്‍ക്ക് ഏതു തരത്തിലാണ് ആശ്വസം നല്‍കുന്നതെന്നും അതേക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *