Breaking News

സമരക്കാര്‍ കര്‍ഷകരെ അപമാനിക്കുന്നുവെന്ന് മോദി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവര്‍ കര്‍ഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ഗേറ്റില്‍ പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രാക്ടര്‍ കത്തിച്ച സംഭവത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു മോദിയുടെ ആരോപണം. ഉത്തരാഖണ്ഡിലെ വിവിധ വികസന പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ പൂജിക്കുന്ന യന്ത്രങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും തീവെച്ചതിലൂടെ കര്‍ഷക നിയമത്തെ എതിര്‍ക്കുന്നവര്‍ കര്‍ഷകരെ അപമാനിക്കുകയാണ്. താങ്ങുവില നടപ്പാക്കുമെന്ന് അവര്‍ വര്‍ഷങ്ങളായി പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ നടപ്പാക്കിയതേയില്ല. സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം ഈ സര്‍ക്കാരാണ് അത് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
താങ്ങുവിലയുടെ കാര്യത്തില്‍ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നവര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. രാജ്യത്ത് താങ്ങുവില മാത്രമല്ല ഉണ്ടാവുക, തങ്ങളുടെ ഉത്പന്നങ്ങള്‍ എവിടെയും വില്‍ക്കാനുള്ള സ്വാതന്ത്ര്യവും കര്‍ഷകര്‍ക്കുണ്ടാകും. എന്നാല്‍ ചില ആളുകള്‍ക്ക് ഈ സ്വാതന്ത്ര്യം സഹിക്കാനാകുന്നില്ല. അവരുടെ അനധികൃതമായി വരുമാനം ഉണ്ടാക്കാനുള്ള ഒരുമാര്‍ഗം കൂടി അടഞ്ഞിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റ് സമ്മേളനത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കിയ കര്‍ഷകരും തൊഴിലാളികളും ആരോഗ്യമേഖലയുമായും ബന്ധപ്പെട്ട നിരവധി പരിഷ്‌കാരങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഈ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ തൊഴിലാളികള്‍, യുവാക്കള്‍, വനിതകള്‍, കൃഷിക്കാര്‍ എന്നിവരെ ശക്തിപ്പെടുത്തും. എന്നാല്‍ ചില ആളുകള്‍ ഇവയെ എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കുന്നത് എങ്ങനെയെന്ന് രാജ്യം കാണുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *