![]()
തിരുവനന്തപുരം: പോക്സോ കേസില്‍ പ്രതിയായ വിതുര തൊളിക്കോട് ജുമാ മസ്ജിദിലെ മുന്‍ ഇമാം ഷെഫീഖ് അല്‍ഖാസിമിയെ (46) രക്ഷപ്പെടാന്‍ സഹായിച്ച കേസില്‍ സഹോദരി ഭര്‍ത്താവിനെ പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തു. പനവൂര്‍ സ്വദേശിയും തൊളിക്കോട് പ്രദേശത്തെ മറ്റൊരു ജമാ അത്തിലെ ഇമാമുമായ കബീറാണ് (39) അറസ്റ്റിലായത്.ഇമാമിന്റെ ഏക സഹോദരിയുടെ ഭര്‍ത്താവാണ് കബീര്‍. ഇയാളും ഒരു പള്ളിയിലെ ഇമാമാണ്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിന് ശേഷം ആദ്യ രണ്ട് ദിവസം കബീറിന്റെ വീട്ടിലാണ് ഷെഫീഖ് അല്‍ഖാസിം ഒളിവില്‍ കഴിഞ്ഞതെന്ന് മനസിലാക്കിയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ രണ്ട് ദിവസം ഷെഫീഖ് അല്‍ഖാസിം തന്റെ വീട്ടിലുണ്ടായിരുന്നുവെന്നും സംഭവം വിവാദമാകുകയും ഷെഫീഖിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തതോടെ ചെലവിന് പണം നല്‍കുകയും ഒളിവില്‍ പോകാന്‍ സഹായിക്കുകയും ചെയ്തതായി കബീര്‍ പൊലീസിനോട് സമ്മതിച്ചു.
നെടുമങ്ങാട് ഡിവൈ.എസ്.പി ഡി.അശോകന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. അതേസമയം റേഞ്ച് ഐ.ജിയുടെ നേരിട്ടുളള മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചശേഷവും ഷെഫീഖ് അല്‍ഖാസിമിയെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. ഇയാള്‍ക്കായി വിപുലമായ തെരച്ചില്‍ ആരംഭിച്ചതായും ഉടന്‍ പിടികൂടുമെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.