Breaking News

37 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; കിളിരൂർ–കവിയൂർ കേസ് പ്രതി ലതാ നായർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

ഇന്ദു മേനോൻ എന്ന പേരിൽ തട്ടിപ്പ്; സ്വാമി നിത്യചൈതന്യ എന്ന പേരിൽ അനിൽകുമാറും കൂട്ടുപ്രതിയെന്ന് പോലീസ്

തൃക്കാക്കര: ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽനിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ കിളിരൂർ–കവിയൂർ കേസുകളിലെ പ്രതി ലതാ നായർ ഉൾപ്പെടെ നാലുപേരെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. ഇന്ദു മേനോൻ എന്ന പേരിലാണ് ലതാ നായർ തട്ടിപ്പ് നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സ്വാമി നിത്യചൈതന്യ എന്ന പേരിൽ അറിയപ്പെട്ട അനിൽകുമാറും തട്ടിപ്പിൽ പങ്കാളിയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

കാക്കനാട് പ്രവർത്തിക്കുന്ന ഫ്രോസൺ ഫുഡ് സ്ഥാപനത്തിന്റെ മറവിലായിരുന്നു സാമ്പത്തിക തട്ടിപ്പ് നടത്തിയത്. കൊച്ചി സ്പെഷ്യൽ ഇക്കണോമിക് സോണിൽ (CSEZ) പണം നിക്ഷേപിച്ചാൽ ഉയർന്ന ലാഭവിഹിതം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തിരുവനന്തപുരം സ്വദേശിയിൽനിന്ന് 37 ലക്ഷം രൂപ കൈക്കലാക്കിയതെന്നാണ് കേസ്.

ലതാ നായർക്കും അനിൽകുമാറിനും പുറമെ സുനിൽകുമാർ, സിന്ധു എന്നിവരും അറസ്റ്റിലായിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ ദിലീപ് കുമാറിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, പ്രതികൾക്ക് സംഭവത്തിലുള്ള പങ്ക്, പണം കൈമാറിയതിന്റെ സാഹചര്യങ്ങൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *