Breaking News

വർക്കല റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ യുവാവിന് അഞ്ചംഗ സംഘത്തിന്റെ മർദ്ദനം

അഞ്ച് പേർ അറസ്റ്റിൽ; മുൻ സംഘർഷത്തിന്റെ വൈരാഗ്യമെന്ന് പൊലീസ്

വർക്കല: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ യുവാവിന് അഞ്ചംഗ സംഘത്തിന്റെ മർദ്ദനം. ബന്ധുക്കളോടൊപ്പം ട്രെയിൻ യാത്രയ്ക്കായി വർക്കല റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ അഞ്ചംഗ സംഘം മർദ്ദിച്ചതായി പരാതി. ഹരിഹരപുരം സ്വദേശി അഖിൽ കൃഷ്ണൻ (28) ആണ് ആക്രമണത്തിനിരയായത്.

സംഭവത്തിൽ ഹരിഹരപുരം സ്വദേശികളായ ചിന്നു എന്ന ക്രിസ്റ്റി, ജിബിൻ വർഗീസ്, സിജിൻ ക്രിസ്റ്റസ്, ജോജി, അതുൽ മെൽവിൻ എന്നിവരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.ഒക്ടോബർ നാലിന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം.

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോകുന്നതിനായി ബന്ധുക്കളോടൊപ്പം ഒന്നാം പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തു നിൽക്കുന്നതിനിടെ അഞ്ചംഗ സംഘം അഖിലിനെ അസഭ്യം വിളിക്കുകയും മർദ്ദിക്കുകയും ചെയ്തെന്നാണ് പരാതി.

സംഘത്തിലെ ഒരാൾ കൈവശമുണ്ടായിരുന്ന വലിയ പാറക്കല്ലുകൊണ്ട് അഖിലിന്റെ തലയ്ക്ക് അടിക്കാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ ചെവിക്ക് പാറക്കല്ല് കൊണ്ടുള്ള ഇടിയേറ്റ് പരിക്കേറ്റതായി പരാതിയിൽ പറയുന്നു. തുടർന്ന് ബന്ധുക്കളുടെ മുന്നിൽവച്ച് അഖിലിനെ സംഘം മർദ്ദിക്കുകയും, തടയാൻ ശ്രമിച്ച ബന്ധുക്കളെ അസഭ്യം വിളിച്ച് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വർക്കല പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

അഖിൽ കൃഷ്ണനും സുഹൃത്തുക്കളും പ്രതികളുമായി നേരത്തെ സംഘർഷമുണ്ടായിരുന്നതായും ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ഇപ്പോഴത്തെ ആക്രമണത്തിന് കാരണമെന്നും പൊലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *