Breaking News

ഇന്ത്യൻ കരസേനയുടെ 31-ാമത് മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ31-ാമത് മേധാവിയായി ജനറൽ ധീരജ് സേത്ത് ചൊവ്വാഴ്ച ചുമതലയേറ്റു. നാല് പതിറ്റാണ്ടിലേറെ നീണ്ട വിശിഷ്ട സൈനിക സേവനത്തിന് ശേഷം വിരമിച്ച ജനറൽ ഉപേന്ദ്ര ദ്വിവേദിയിൽ നിന്നാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്.

നാഷണൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ), ഖഡക്വാസ്ലയിലെ പൂർവവിദ്യാർഥിയായ ജനറൽ ധീരജ് സേത്ത് 1986 ഡിസംബറിലാണ് ആർമേഡ് കോർപ്സിൽ കമ്മീഷൻ നേടിയത്. നാല് പതിറ്റാണ്ടിനടുത്ത് നീളുന്ന സൈനിക ജീവിതത്തിനിടെ പ്രവർത്തന, തന്ത്രപരമായ ആസൂത്രണം, സൈനിക ശേഷി വികസനം, സ്ഥാപനപരമായ നേതൃത്വ മേഖലകൾ എന്നിവയിൽ അദ്ദേഹം ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മരുഭൂമി മേഖലയിലെ ആർമേഡ് റെജിമെന്റ്, പടിഞ്ഞാറൻ അതിർത്തിയിലെ ആർമേഡ് ബ്രിഗേഡ്, ജമ്മു-കശ്മീരിലെ ഭീകരവിരുദ്ധ സേന എന്നിവയ്ക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ലെഫ്റ്റനന്റ് ജനറലായിരിക്കെ ഇന്ത്യൻ സേനയുടെ പ്രധാന സ്ട്രൈക്ക് ഫോഴ്സുകളിലൊന്നായ സുദർശൻ ചക്ര കോർപ്സിന്റെ കമാൻഡറായും പിന്നീട് ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗ് ആയും സേവനമനുഷ്ഠിച്ചു.

തുടർന്ന് ആർമി കമാൻഡർ പദവിയിലേക്ക് ഉയർന്ന അദ്ദേഹം സൗത്ത് വെസ്റ്റേൺ കമാൻഡിനും പിന്നീട് സതേൺ കമാൻഡിനും നേതൃത്വം നൽകി. രണ്ട് സുപ്രധാന ഓപ്പറേഷണൽ ആർമി കമാൻഡുകൾക്ക് നേതൃത്വം നൽകിയ അപൂർവ നേട്ടവും അദ്ദേഹത്തിനുണ്ട്. രണ്ടര വർഷത്തിലേറെക്കാലം രാജ്യത്തിന്റെ നിർണായക സൈനിക മേഖലകളുടെ തന്ത്രപരമായ മേൽനോട്ടം വഹിക്കുകയും ചെയ്തു.

സേനയുടെ ആധുനികവൽക്കരണം, സൈനിക ശേഷി വർധന, ദീർഘകാല സൈനിക ഘടനാ വികസനം എന്നിവയിൽ നിർണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനെന്ന നിലയിലും ജനറൽ ധീരജ് സേത്ത് ശ്രദ്ധേയനാണ്. സൈനിക ആസ്ഥാനത്തെ സ്ട്രാറ്റജിക് പ്ലാനിംഗ്, കപ്പാബിലിറ്റി ഡെവലപ്മെന്റ് വിഭാഗങ്ങളിലെ പ്രധാന ചുമതലകൾ വഹിച്ച അദ്ദേഹം ഭാവിയിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്തുള്ള സേനയുടെ നവീകരണ പദ്ധതികൾക്ക് നേതൃത്വം നൽകി.

മികച്ച സൈനിക പ്രൊഫഷണലായ അദ്ദേഹം വിവിധ സൈനിക പരിശീലന കോഴ്സുകളിൽ ഉന്നത നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഹയർ കമാൻഡ് കോഴ്‌സ്, നാഷണൽ ഡിഫൻസ് കോളേജ് എന്നിവയിൽ പഠനം പൂർത്തിയാക്കിയിട്ടുള്ള ജനറൽ ധീരജ് സേത്ത്, ഫ്രാൻസിലെ പാരിസിലുള്ള പ്രശസ്ത കമാൻഡ് ആൻഡ് സ്റ്റാഫ് കോഴ്‌സിലും പരിശീലനം നേടിയിട്ടുണ്ട്.

രാജ്യത്തിന്റെ സുരക്ഷാ വെല്ലുവിളികൾക്കനുസരിച്ച് ഇന്ത്യൻ കരസേനയുടെ ആധുനികവൽക്കരണത്തിനും ഭാവി സൈനിക ശേഷി വർധനയ്ക്കും ജനറൽ ധീരജ് സേത്തിന്റെ നേതൃത്വത്തിന് നിർണായക പ്രാധാന്യമുണ്ടാകുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *