Breaking News

മംഗളൂരുവിന് സമീപം കടലിൽ അപകടത്തിൽപ്പെട്ട മത്സ്യബന്ധന ബോട്ടിലെ ആറു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ബെംഗളൂരു: മംഗളൂരുവിന് സമീപം കടലിൽ അപകടത്തിൽപ്പെട്ട ഇന്ത്യൻ മത്സ്യബന്ധന ബോട്ട് ‘മഞ്ജു മാത’യിലെ ആറു മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) സാഹസികമായ തിരച്ചിൽ-രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിതമായി രക്ഷപ്പെടുത്തി.ജൂൺ 29-ന് വൈകിട്ടാണ് പ്രതികൂല കാലാവസ്ഥയെ മറികടന്ന് രക്ഷാദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.

ജൂൺ 29-ന് വൈകിട്ട് നാല് മണിയോടെ സൂറത്ത്കൽ തീരത്തുനിന്ന് ഏകദേശം 33 നോട്ടിക്കൽ മൈൽ അകലെ സഞ്ചരിച്ചുകൊണ്ടിരുന്ന ‘മഞ്ജു മാത’ എന്ന മത്സ്യബന്ധന ബോട്ടിൽ നിന്ന് വിഎച്ച്എഫ് റേഡിയോ വഴി അപകടസന്ദേശം ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ ഐ.സി.ജി.എസ് സചേത് സ്വീകരിച്ചു.

കടൽക്ഷോഭത്തെ തുടർന്ന് ബോട്ടിന്റെ അടിഭാഗത്തിന് കേടുപാടുകൾ സംഭവിക്കുകയും വെള്ളം കയറുകയും ചെയ്തതോടെ ബോട്ടിലുണ്ടായിരുന്ന ആറു മത്സ്യത്തൊഴിലാളികളുടെയും ജീവൻ അപകടത്തിലായി.സന്ദേശം ലഭിച്ചതോടെ രക്ഷാദൗത്യത്തിനായി ഐസിജിഎസ് സചേത് ഉടൻ തന്നെ വഴിതിരിച്ചുവിടുകയും ഏകദേശം 90 മിനിറ്റിനകം അപകടത്തിൽപ്പെട്ട ബോട്ടിലെത്തുകയും ചെയ്തു.

ശക്തമായ കാറ്റ്, ഉയർന്ന തിരമാലകൾ, കുറഞ്ഞ ദൃശ്യപരത, ഇരുട്ട് തുടങ്ങിയ അതീവ പ്രതികൂല സാഹചര്യങ്ങളിലായിരുന്നു രക്ഷാപ്രവർത്തനം. മോശം കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റിമോട്ട് ഓപ്പറേറ്റഡ് ലൈഫ്‌ബോയുകൾ വിന്യസിച്ചാണ് കോസ്റ്റ് ഗാർഡ് സംഘം മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. വൈകിട്ട് ആറു മണിയോടെ ആറുപേരെയും പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി.

തുടർന്ന് രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി കരയിലെത്തിക്കുന്നതിനും തുടർനടപടികൾ പൂർത്തിയാക്കുന്നതിനുമായി ഐസിജിഎസ് സചേത് ന്യൂ മംഗളൂരു തുറമുഖത്തേക്ക് തിരിച്ചു.ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ “വയം രക്ഷാമഃ” (ഞങ്ങൾ സംരക്ഷിക്കുന്നു) എന്ന മുദ്രാവാക്യത്തിന് അനുസൃതമായ സേവന പ്രതിബദ്ധതയാണ് ഈ വിജയകരമായ രക്ഷാപ്രവർത്തനം വീണ്ടും തെളിയിച്ചതെന്ന് അധികൃതർ അറിയിച്ചു.

അത്യാധുനിക രക്ഷാസാങ്കേതിക വിദ്യയും ഉദ്യോഗസ്ഥരുടെ ധൈര്യവും പ്രൊഫഷണൽ മികവും സമന്വയിപ്പിച്ചുള്ള വേഗമേറിയ ഇടപെടലിലൂടെ കടലിലെ ജീവൻരക്ഷയിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് വീണ്ടും മാതൃക സൃഷ്ടിച്ചതായും അവർ വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *