Breaking News

ഇന്ധന നിയന്ത്രണത്തിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം; പെരുമാതുറയിൽ പമ്പ് ഉപരോധം

പെരുമാതുറ: ഇന്ധന വിതരണത്തിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ പിൻവലിക്കണ മെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ പെരുമാതുറയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പുതുക്കുറിച്ചി–പെരുമാതുറ താങ്ങുവല അസോസിയേഷന്റെ നേതൃത്വത്തിൽ പെരുമാതുറയിലെ ഇന്ത്യൻ ഓയിൽ പമ്പിന് മുൻപിൽ നടത്തിയ ഉപരോധ സമരം ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു.

പ്രതിഷേധത്തെ തുടർന്ന് പ്രദേശത്തെ നയാര, എച്ച്.പി. പമ്പുകളുടെ പ്രവർത്തനവും താൽക്കാലികമായി തടസപ്പെട്ടു. വാഹനങ്ങൾക്ക് പുറമെ ‘പെസോ’ (PESO) അംഗീകാരമുള്ള പ്രത്യേക കാനുകളിൽ മാത്രമായി ഇന്ധനം വിതരണം ചെയ്യണമെന്ന കേന്ദ്ര സർക്കാർ നിർദേശമാണ് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയത്. കൂടാതെ ഒരു ഉപഭോക്താവിന് പരമാവധി 200 ലിറ്റർ ഇന്ധനം മാത്രമേ നൽകാവൂ എന്ന വ്യവസ്ഥയും നിലവിലുണ്ട്.

നിലവിൽ മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാനുകൾക്ക് പെസോ അംഗീകാരം ഇല്ലാത്തതിനാൽ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കാതെ വള്ളങ്ങൾ കടലിലിറക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് തൊഴിലാളികൾ പറഞ്ഞു. ഇതോടെ മുതലപ്പൊഴി ഹാർബറിനെ ആശ്രയിക്കുന്ന ഇരുന്നൂറിലധികം താങ്ങുവല വള്ളങ്ങളുടെയും എഴുന്നൂറോളം ചെറുവള്ളങ്ങളുടെയും മത്സ്യബന്ധന പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനം പ്രതിസന്ധിയിലാകുകയും ചെയ്തതായി അവർ ചൂണ്ടിക്കാട്ടി.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇന്ധനം വാങ്ങുന്നതിന് പ്രത്യേക ഇളവുകൾ അനുവദിക്കണമെന്നും, പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാത്ത പക്ഷം പ്രതിഷേധം കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് വ്യാപിപ്പിക്കുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി.

പ്രതിഷേധ പരിപാടിക്ക് പുതുക്കുറിച്ചി–പെരുമാതുറ താങ്ങുവല അസോസിയേഷൻ പ്രസിഡന്റ് ഷാക്കീർ സലിം നേതൃത്വം നൽകി. സജീബ് പുതുക്കുറിച്ചി, ഷാജഹാൻ, അനിൽ കമാൽ, സലിം ഹാജി മുഹമ്മദ്, ഷിബി റഷീദ്, ബിജു ജോസഫ്, ഷഹിൻ ഷാ, മുനീർ, നവാസ്, മുജീബ്, അൻസാർ, അനിൽ പുതുക്കുറിച്ചി, നൗഷാദ് എന്നിവരും സമരത്തിന് നേതൃത്വം നൽകി.

Related posts

Leave a Reply

Your email address will not be published. Required fields are marked *