Breaking News

കൂലി ചോദിച്ചതിനെ തുടർന്ന് വർക്ക്‌ഷോപ്പ് ഉടമയെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

വർക്കല: കൂലി ചോദിച്ചതിനെ തുടർന്ന് ടൂവീലർ വർക്ക്‌ഷോപ്പ് ഉടമയെ ചുറ്റിക ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല ഇടവ വെൺകുളം കൃഷ്ണാനന്ദ ഭവനിൽ 56-കാരനായ സുധീർ, ഇടവ പൊട്ടക്കുളം അലീന മൻസിലിൽ 42-കാരനായ മുജീബ് എന്നിവരെയാണ് ഇന്ന് രാവിലെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. വർക്കല പാലച്ചിറ സ്വദേശിയായ സാജൻ എന്ന വർക്ക്‌ഷോപ്പ് ഉടമയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഈ മാസം 11-ാം തീയതി അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വെൺകുളം ജംഗ്ഷനിലുള്ള ടൂവീലർ വർക്ക്‌ഷോപ്പിലാണ് സംഭവം. ഇരുചക്രവാഹനം ശരിയാക്കി നൽകിയതിന് 200 രൂപ കൂലി ആവശ്യപ്പെട്ടതിൽ പ്രകോപിതരായ പ്രതികൾ സാജനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം മുതുകത്തും വാരിയലിനും മാരകമായി മർദ്ദിക്കുകയും ഇടത് കാലിലും ആക്രമണം നടത്തുകയും ചെയ്തു.


ഗുരുതരമായി പരിക്കേറ്റ സാജനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും കാൽമുട്ടിന് ശസ്ത്രക്രിയ ആവശ്യമായതായി ഡോക്ടർമാർ അറിയിക്കുകയും ചെയ്തു.
സംഭവത്തിൽ പ്രതികളുടെ വിവരങ്ങൾ പോലീസിന് കൈമാറിയിട്ടും നാല് ദിവസം കഴിഞ്ഞിട്ടും കേസ് രജിസ്റ്റർ ചെയ്യാത്തത് വിവാദമായിരുന്നു. പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലെന്നാരോപണം ഉയർന്നിരുന്നു. എന്നാൽ സംഭവം മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് ഇന്ന് രാവിലെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ നിയമനടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *