Breaking News

ഉടമയുടെ സാന്നിധ്യത്തിൽ തന്നെ കാർ കുത്തിത്തുറന്ന് കവർച്ച; മോഷ്ടാവിനെ തേടി വർക്കല പോലീസ് വലവീശി

വർക്കല: ക്ഷേത്രദർശനത്തിന് എത്തിയ ഭക്തന്റെ കാർ കുത്തിത്തുറന്ന് മൊബൈൽ ഫോണുകളും പണവും അടങ്ങിയ പേഴ്സും മോഷ്ടിച്ച സംഭവത്തിൽ മോഷ്ടാവിനെ കണ്ടെത്താൻ വർക്കല പോലീസ് അന്വേഷണം ശക്തമാക്കി.

ദക്ഷിണകാശിയായി അറിയപ്പെടുന്ന വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്ക് സമീപം രാവിലെ 7.30ഓടെയായിരുന്നു. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിന് സമീപം കല്യാണിവീട്ടിൽ രാജേന്ദ്രന്റെ വാഹനത്തിലാണ് കവർച്ച നടന്നത്.

രാജേന്ദ്രനും കുടുംബവും വാഹനം പാർക്ക് ചെയ്ത് ക്ഷേത്രദർശനത്തി നായി പോയിരുന്നു. ദർശനം കഴിഞ്ഞ് രാജേന്ദ്രൻ പുറത്തിറങ്ങി, ഒപ്പമുള്ളവരെ പ്രതീക്ഷിച്ചു നിൽക്കുന്നതിനിടെയാണ് സമീപത്തുണ്ടായിരുന്ന വാഹനത്തിൽ മോഷണം നടന്നത്. ഉടമയുടെ സാന്നിധ്യത്തിൽ തന്നെ മോഷണം നടന്നത് പ്രദേശത്ത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളിൽ വാഹന ഉടമകൾ സമീപത്തുണ്ടായിരി ക്കെ മോഷ്ടാവ് കവർച്ച നടത്തുന്ന ദൃശ്യങ്ങൾ വ്യക്തമാണ്. വാഹനത്തിൽ നിന്നും വിലപിടിപ്പുള്ള രണ്ട് മൊബൈൽ ഫോണുകളും പണമടങ്ങിയ പേഴ്സും മോഷ്ടാവ് കവർന്നു. ക്ഷേത്ര പരിസരത്ത് ഇതിനു മുമ്പും സമാനമായ മോഷണങ്ങൾ നടന്നിട്ടുണ്ടെന്ന് ജീവനക്കാരും നാട്ടുകാരും പറയുന്നു. സംഭവത്തിൽ വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു.

മോഷ്ടാവിനെ കുറിച്ചുള്ള ചില വിവരങ്ങൾ പോലീസിന് ലഭിച്ചതായും, നിരവധി കേസുകളിൽ ശിക്ഷ അനുഭവിച്ച ശേഷം മൂന്ന് ദിവസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയതെന്നുമാണ് സംശയം. സമീപ പ്രദേശമായ കല്ലമ്പലത്ത് ഇന്നലെ വാഹനത്തിൽ നിന്ന് പത്തായിരം രൂപ മോഷ്ടിച്ചതും ഇതേ പ്രതിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ ഉടൻ പിടികൂടുമെന്ന് വർക്കല പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *