

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭയില്‍ ഇ-മാലിന്യ ശേഖരണ ക്യാമ്പയിന് തുടക്കമായി. ഹരിതകര്‍മസേനയുടെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ജൂലൈ 21 ന് ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായി ഓഗസ്റ്റ് 15 വരെ നഗരസഭയുടെ എല്ലാ വാര്‍ഡുകളിലും ഇ-മാലിന്യ ശേഖരണ ഡ്രൈവുകള്‍ സംഘടിപ്പിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി നഗരസഭ ഓഫീസ് അങ്കണത്തില്‍ ഹരിതകര്‍മസേനക്ക് ഇ-മാലിന്യം കൈമാറി ക്യാമ്പയിന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ തുളസീധരന്‍ പിള്ള, കൗണ്‍സിലര്‍മാരായ രമ്യ സുധീര്‍, അവനവഞ്ചേരി രാജു, എസ്. ഗിരിജ, ലൈല ബീവി, നഗരസഭ സെക്രട്ടറി കെ. എസ്. അരുണ്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പൊതുജനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഇ-മാലിന്യങ്ങള്‍ അവയുടെ തൂക്കം അനുസരിച്ച് വില നല്‍കി ഏറ്റെടുക്കും. പൊതുജനങ്ങള്‍ക്ക് പാര്‍വ്വതിപുരം വാര്‍ഡില്‍ കൃഷിഭവനുസമീപം പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മസേന ഓഫീസില്‍ നേരിട്ട് ഇ-മാലിന്യങ്ങള്‍ നല്‍കിയും തുക കൈപ്പറ്റാനും സാധിക്കും. നഗരത്തിലെ ശുചിത്വം ഉറപ്പാക്കുന്നതിനും പുന:ചക്രമണത്തെ പ്രോത്സാഹിപ്പിക്കാനുമായി ഇത്തരം ക്യാമ്പയിനുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.

