

വർക്കല : നഗരസഭയുടെ ജവഹർലാൽ നെഹ്റു സ്മാരക ടൗൺ ഹാളിന്റെ നവീകരണം പൂർത്തിയായി. 2018-ൽ തുടങ്ങിയ നവീകരണമാണ് ഏഴുവർഷത്തോളമെടുത്ത് പൂർത്തീകരിച്ചത്. ആധുനികരീതിയിൽ നവീകരിച്ച ടൗൺ ഹാളിന്റെ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് 3.30-ന് വി. ജോയി എംഎൽഎയുടെ അധ്യക്ഷതയിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. നഗരസഭയുടെ ഏറ്റവും വലിയ ആസ്തിയാണ് വിശാലമായ ടൗൺ ഹാൾ. പ്രവർത്തനസജ്ജമാകുന്നതോടെ വിവാഹം ഉൾപ്പെടെ നടത്താൻ കഴിയും. വർക്കലയിലെ സാംസ്കാരിക, രാഷ്ട്രീയ പരിപാടികളുടെ പ്രധാന കേന്ദ്രവുമാകും.

രണ്ടരക്കോടിയിലധികം രൂപ ചെലവഴിച്ച് ബഹുവർഷ പദ്ധതിയായാണ് ടൗൺ ഹാൾ നവീകരിച്ചത്. ശീതീകരണ സംവിധാനത്തോടെയാണ് ടൗൺ ഹാൾ പുതുക്കിയത്. ഇതിനോടുചേർന്ന സമീപ കെട്ടിടത്തിൽ മിനി ഹാളും ഡൈനിങ് ഹാളും ഒരുക്കിയിട്ടുണ്ട്. സ്റ്റേജിലെ പരിപാടികൾ തടസ്സമില്ലാതെ ഏവർക്കും കാണാവുന്നരീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ശബ്ദസംവിധാനത്തിൽ മുമ്പുണ്ടായിരുന്ന പിഴവുകൾ പരിഹരിച്ച് ആധുനിക സംവിധാനം ഏർപ്പെടുത്തി. 500-ലധികം പേർക്ക് ഇരിക്കാവുന്ന രീതിയിൽ പുതിയ പുഷ്ബാക്ക് കസേരകളും സ്ഥാപിച്ചു.
ഹാളിലും സ്റ്റേജിലും തറയോടുകളും പാകി. ആവശ്യത്തിന് ശൗചാലയങ്ങളും ഉണ്ട്. പ്രധാന ഹാൾ ശീതീകരിച്ചനിലയിൽ മാത്രമാകും പരിപാടികൾക്കായി നൽകുക. കാലപ്പഴക്കവും അറ്റകുറ്റപ്പണികൾ നടത്താത്തതും കാരണമാണ് ടൗൺ ഹാൾ ജീർണാവസ്ഥയിലായത്. ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നും സ്റ്റേജുൾപ്പെടെ ചോർന്നൊലിച്ച നിലയിലുമായിരുന്നു. ഇതെല്ലാം കാരണം ഹാളിൽ പരിപാടികൾ നടത്താൻ കഴിയാതെയായി.

2018-ൽ നവീകരണം തുടങ്ങിയെങ്കിലും കോവിഡ്, പദ്ധതിയിൽ വരുത്തിയ മാറ്റങ്ങൾ, കരാറുകാർക്ക് പണം നൽകുന്നതിലെ കാലതാമസം ഇവയെല്ലാം പണി ഇഴയാൻ കാരണമായി. ഹാളിനോടുചേർന്ന് പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ മാറ്റുന്നതിലും തടസ്സമുണ്ടായി. വർക്കലയ്ക്ക് ഏറെ മുതൽക്കൂട്ടാകേണ്ട ഹാളാണ് ഏഴുവർഷത്തോളം അടഞ്ഞുകിടന്നത്. ഒടുവിൽ കടമ്പകളെല്ലാം നീക്കിയാണ് നവീകരണം പൂർത്തിയാക്കിയത്
