

വർക്കല: പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. ഉദ്യോഗസ്ഥരുടെ മാനസിക സംഘർഷങ്ങളിൽ അയവ് വരുത്തുന്നതിന് വേണ്ടി കുടുംബാംഗങ്ങളോടൊപ്പമുള്ള സൗഹൃദ കൂട്ടായ്മ അനിവാര്യമാണെന്നുള്ള ജില്ലാ പോലീസ് മേധാവിയുടെ ആശയത്തിൽ നിന്നുള്ള പ്രചോദനമാണ് ഇത്തരത്തിലുള്ള കുടുംബസംഗമം സംഘടിപ്പിക്കാൻ വർക്കല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തയ്യാറായത്.
കുടുംബത്തോടൊപ്പമെത്തിയ ജില്ലാ പോലീസ് മേധാവി കിരൺ നാരായണനും ,വർക്കല എ എസ് പി ദീപക് ധൻഖർ എന്നിവർ കുടുംബ സംഗമത്തിൽ മുഖ്യാതിഥികളായി . വർക്കല എസ് എച്ച് ഒ ജെ ആർ പ്രവീൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഉദ്യോഗസ്ഥരുടെ ജോലി ഭാരത്താൽ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾക്ക് അയവ് വരുത്തുന്ന ഇത്തരം ഉല്ലാസകരമായ പരിപാടികൾ സംഘടിപ്പിക്കു ന്നത് നല്ലതാണെന്നും ഉദ്യോഗസ്ഥരുടെ ജോലി ഭാരത്തെക്കുറിച്ച് കുടുംബാംഗങ്ങൾ കൂടി മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണെന്നും കിരൺ നാരായണൻ ഉദ്ഘാടന പ്രസംഗത്തിനിടയിൽ പറഞ്ഞു. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേയും ഉദ്യോഗസ്ഥർ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് നല്ലതായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
തുടർന്ന് വർക്കല പോലീസ് ഉദ്യോഗസ്ഥരുടെ ഗാനമേളയും കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും നൃത്തവും മറ്റ് കലാപരിപാടികളും നടന്നു..




