Breaking News

ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് കടുക്കുന്നു; രാജ്ഭവന്‍ ആസ്വദിക്കാനല്ല താനിരിക്കുന്നതെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ പോര് വീണ്ടും രൂക്ഷമാകുന്നു. മലപ്പുറം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ പോരടിക്കുന്നത്. രൂക്ഷമായ ഭാഷയിലാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. മലപ്പുറം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്ത്, ഹവാല ഇടപാടുകള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെങ്കില്‍ അക്കാര്യം സംസ്ഥാന മുഖ്യമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചില്ലെന്നാണ് ഗവര്‍ണറുടെ ചോദ്യം. മുഖ്യമന്ത്രി ദി ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖമാണ് ഗവര്‍ണര്‍ ആയുധമാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രിയെ വിശ്വസിക്കണോ, അതോ ദി ഹിന്ദു ദിനപ്പത്രത്തെ വിശ്വസിക്കണോയെന്നും ഗവര്‍ണര്‍ ചോദിക്കുന്നു. ഹിന്ദു ദിനപ്പത്രം മുഖ്യമന്ത്രി പറയാത്ത കാര്യമാണ് പ്രസിദ്ധീകരിച്ചതെങ്കില്‍ എന്തുകൊണ്ട് അവര്‍ക്കെതിരെ മുഖ്യമന്ത്രി കേസെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പോലീസ് വെബ്‌സൈറ്റിലും ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. തനിക്ക് വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. വിവരങ്ങള്‍ രാഷ്ട്രപതിയെ അറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. തനിക്ക് അധികാരം ഉണ്ടോയെന്ന് ഉടന്‍ അറിയും. തന്റെ കത്തിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി 20ലേറെ ദിവസം എടുത്തുവെന്നും അത് മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുള്ളത് കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്ഭവന്‍ ആസ്വദിക്കാനല്ല താനിരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *