

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. നവകേരള സദസിലെ വിവാദ പ്രസംഗത്തിന്റെ പേരിലാണ് മുഖ്യമന്ത്രിക്കെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. രക്ഷാപ്രവര്‍ത്തനം തുടരുമെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്ന പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അതേസമയം, പ്രസംഗം വിവാദമായതോടെ മുഖ്യമന്ത്രിയെ പല രീതിയില്‍ ന്യായീകരിച്ചിരുന്ന സി.പി.എമ്മിന് തലവേദനയായി മാറുകയാണ് കോടതി ഉത്തരവ്.







