

നിലമ്പൂര്‍: ആഭ്യന്തര വകുപ്പില്‍ വിശ്വാസമില്ലെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ. എ.ഡി.ജി.പി എഴുതിക്കൊടുത്ത തിരക്കഥ വായിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തതെന്നും അന്‍വര്‍ പരിഹസിച്ചു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കോടതിയെ സമീപിക്കുമെന്നും ജുഡീഷറിയില്‍ മാത്രമേ തനിക്ക് വിശ്വാസമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണസംഘത്തെ ഹൈക്കോടതി തന്നെ തീരുമാനിക്കണമെന്ന് ആവശ്യപ്പെടും. അന്‍വറിനെതിരായ ആരോപണവും ഈ അന്വേഷണസംഘം അന്വേഷിക്കട്ടെ. എല്‍.ഡി.എഫ് വിട്ടുവെന്ന് ഞാന്‍ മനസ്സുകൊണ്ടു പറഞ്ഞിട്ടില്ല. പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിങ്ങില്‍ പങ്കെടുക്കില്ലെന്നാണ് പറഞ്ഞത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഇല്ലെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മനസ്സ് കൊണ്ടു പറഞ്ഞതല്ല-അന്‍വര്‍ വിശദീകരിച്ചു.



2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് 25 സീറ്റുവരെയേ ലഭിക്കൂവെന്നും അന്‍വര്‍ പറഞ്ഞു. ഈ രീതിയിലാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നതെങ്കില്‍ 2026ലെ തിരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശുകിട്ടാത്ത സ്ഥാനാര്‍ഥികളുണ്ടാകും. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. ഞാന്‍ ഇനിയും സംസാരിക്കും. ഞായാറാഴ്ച വൈകിട്ട് നിലമ്പൂരിലെ ജനങ്ങളോട് സംസാരിക്കുന്നുണ്ട്. എന്നെ ഞാനാക്കിയ ജനത്തോട് സംസാരിക്കും. എല്ലാ പാര്‍ട്ടികളുടെയും സംസ്ഥാനജില്ലാ തല നേതാക്കള്‍ ഒറ്റക്കെട്ടാണ്. സാധാരണ പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കുന്നില്ല. ലീഗിലെയും കേരള കോണ്‍ഗ്രസിലെയും സാധാരണ പ്രവര്‍ത്തകരെ എനിക്കറിയാം. ആ അറിവ് വച്ചുകൊണ്ടാണ് പറയുന്നത്-അദ്ദേഹം വ്യക്തമാക്കി.



വീടിനു സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ട് ഇതുവരെ മറുപടിയില്ല. തോക്ക് ലൈസന്‍സിന് അപേക്ഷിച്ചിട്ടുണ്ട്, അത് കിട്ടുമെന്ന് ഉറപ്പില്ല. എട്ടു കൊല്ലത്തിനിടയ്ക്ക് സര്‍ക്കാരിന്റെ ചെലവില്‍ ഒരു പാരസെറ്റമോള്‍ വാങ്ങിയിട്ടില്ല. സ്വന്തമായി വിമാനം ഉള്ളവരും ചികിത്സയ്ക്ക് അമേരിക്കയിലേക്കാണ് പോകുന്നത്. ആദ്യം നിങ്ങള്‍ എന്നെ മല മാന്തുന്നവനാക്കി. ചില മാധ്യമ പ്രവര്‍ത്തകരും ഇവരെ പിന്തുണയ്ക്കുന്നുണ്ട്. അതാണ് ഒന്നും പുറത്തുവരാത്തത്. ഒരുവിധപ്പെട്ടവന്റെ മടിയിലൊക്കെ കനമുണ്ട്. സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും എനിക്കു വേണ്ട. കോഴി ബിരിയാണിയും മന്തിയും കഴിച്ച് മ്യൂസിക്കും കേട്ട് കിടന്നുറങ്ങാനാണ് യുവാക്കളുടെ തീരുമാനമെങ്കില്‍ ഞാന്‍ ആ വഴിക്കു പോകുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

