Breaking News

വര്‍ക്കല ക്ലിഫ് കുന്നില്‍ നിന്നും രണ്ട് വിനോദ സഞ്ചാരികള്‍ താഴേക്ക് വീണു

വര്‍ക്കല: വര്‍ക്കല ക്ലിഫ് കുന്നില്‍ നിന്നും രണ്ട് വിനോദ സഞ്ചാരികള്‍ താഴേക്ക് വീണു. തമിഴ്‌നാട് സ്വദേശികളായ വെങ്കിടേഷ്(32), വിവേക്(32) എന്നിവരാണ് ഏകദേശം 60 അടിയേളം താഴ്ചയിലേക്ക് വീണത്. കടലിനോട് ചേര്‍ന്ന് ഉള്ള ഡാര്‍ജിലിംഗ് കഫെ റിസോര്‍ട്ടിന് സമീപം ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വര്‍ക്കല ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി സേഫ്റ്റി റോപ്പിന്റെ സഹായത്താല്‍ 60 അടി താഴ്ചയിലേക്ക് ഇറങ്ങി യുവാക്കളെ മുകളില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സില്‍ ഇവരെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വീഴ്ചയുടെ ആഘാതത്തില്‍ ഇരുവര്‍ക്കും ഗുരുതരമായ പരിക്കുകള്‍ പറ്റിയെന്നാണ് ലഭിക്കുന്ന വിവരം. കുപ്പിച്ചില്ലുകള്‍ വയറിനും മറ്റും കൊണ്ട് വലിയ മുറിവുകളും സംഭവിച്ചിട്ടുണ്ട്. കുന്നിടിച്ചിലിനെ തുടര്‍ന്ന് ക്ലിഫ് ഭാഗത്തു കൂടെയുള്ള വാഹന ഗതാഗതവും കാല്‍നടയാത്രയും കളക്ടര്‍ ഇടയ്ക്ക് നിരോധിച്ചിരുന്നു. ചെറിയ വാഹനങ്ങള്‍ ഈ ഭാഗത്ത് കൂടി പോവുന്നതിന് ഇപ്പോഴും നിരോധനമുണ്ട്. എന്നാല്‍ അപകടം പിടിച്ച ഈ മേഖലയിലൂടെ വിനോദ സഞ്ചാരികളുടെ കാല്‍നടയാത്ര ഇപ്പോഴും തുടരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *