

തിരുവനന്തപുരം: ആരോപണ വിധേയനായ എം.ആര്‍.അജിത് കുമാറിനെ എ.ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്യാതെ മന്ത്രിസഭായോഗം. എ.ഡി.ജി.പി അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം പ്രതിപക്ഷം സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കി മാറ്റുമ്പോഴും ഇക്കാര്യത്തില്‍ മൗനം തുടരുകയാണ് ഇടതുപക്ഷ സര്‍ക്കാരും സി.പി.എമ്മും. എ.ഡി.ജി.പിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സി.പി.ഐയുടെ മന്ത്രിമാരും പക്ഷേ, മന്ത്രിസഭാ യോഗത്തില്‍ ഈ ആവശ്യം ഉന്നയിച്ചില്ല. ഇന്ന് വൈകിട്ട് ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.



എ.ഡി.ജി.പി പത്തുദിവസത്തെ ഇടവെളയില്‍ ആര്‍.എസ്.എസിന്റെ ഉന്നതരായ രണ്ട് നേതാക്കളെ കണ്ടത് എന്തിനാണെന്ന് വിശദീകരിക്കമെന്നാണ് പ്രതിപക്ഷ നേതാവും യു.ഡി.എഫും ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ മൗനം പാലിക്കുന്ന മുഖ്യമന്ത്രി എല്‍.ഡി.എഫ് യോഗത്തില്‍ എന്തെങ്കിലും വിശദീകരിക്കുമോ എന്നതാണ് ആകാംക്ഷ. എ.ഡി.ജി.പിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കെതിരെ സി.പി.എമ്മിലടക്കം അമര്‍ഷം ഉയരുന്നുണ്ട്. ഇതിനിടെ നാല് ദിവസത്തെ അവധി എ.ഡി.ജി.പി പിന്‍വലിച്ചു. ആര്‍.എസ്.എസ് നേതാക്കളെ കണ്ടതുള്‍പ്പെടെ കൊലപാതക കുറ്റമടക്കം നിരവധി ആരോപണങ്ങളാണ് ഭരണപക്ഷ എം.എല്‍.എ കൂടിയായ പി.വി.അന്‍വര്‍ ഉയര്‍ത്തിയത്.



ഇന്നലെ മലപ്പുറത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയതിന് പിന്നാലെയാണ് ശനിയാഴ്ച മുതല്‍ നാല് ദിവസം അവധിയെടുക്കാനുള്ള തീരുമാനം അജിത് കുമാര്‍ മാറ്റിയത്. അവധി നീട്ടാനുള്ള ആവശ്യം നേരത്തെ സര്‍ക്കാര്‍ തള്ളിയിരുന്നു. അവധിയെടുക്കുന്നത് തെളിവ് നശിപ്പിക്കാനാണെന്ന ആക്ഷേപം പി.വി.അന്‍വര്‍ അടക്കം ഉന്നയിച്ച സാഹചര്യത്തിലാണോ പിന്മാറ്റമെന്ന് വ്യക്തമല്ല. വിവാദങ്ങള്‍ക്ക് മുമ്പ് ചില സ്വകാര്യ ആവശ്യങ്ങള്‍ക്കായിരുന്നു അവധി ചോദിച്ചിരുന്നത്. അന്‍വറിന് ഒപ്പം അജിത് കുമാറിന്റെയും പരാതി ഉള്ളതിനാല്‍ അജിത് കുമാറിന്റെയും മൊഴി ഡി.ജി.പി രേഖപ്പെടുത്തും. അപ്പോഴും അന്‍വറിന്റെ പരാതിയിലെ അന്വേഷണത്തിനപ്പുറം ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ എ.ഡി.ജി.പിക്കെതിരായ നടപടി എന്ത് എന്ന ചോദ്യം ഇനിയും ഉത്തരമില്ലാതെ തുടരുകയാണ്.
