

വര്‍ക്കല: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് വര്‍ക്കല ശിവഗിരി മഠം സന്ദര്‍ശിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സി.വി.ആനന്ദബോസ് ശിവഗിരിയില്‍ എത്തിയത്. അടുത്ത മാസം 16, 17 തീയതികളില്‍ ശിവഗിരിയില്‍ സംഘടിപ്പിക്കുന്ന പ്രവാസി സംഗമം പരിപാടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. എന്നാല്‍ ആ ദിവസങ്ങളില്‍ ശിവഗിരിയില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ ശിവഗിരി സന്ദര്‍ശനം നേരത്തെയാക്കുകയായിരുന്നു അദ്ദേഹം. ശിവഗിരിയിലെത്തിയ സി.വി.ആനന്ദബോസ് ഗുരുദേവന്റെ സമാധിമഠത്തില്‍ പ്രത്യേക പൂജയും അര്‍ച്ചനയും നടത്തിയ ശേഷം ഗസ്റ്റ് ഹൗസിലെത്തി ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികളുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ഗുരുപൂജാ ഹാളിലെത്തി ഭക്ഷണവും കഴിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്.

ഗുരുദേവ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ശിവഗിരിയില്‍ എത്താനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് സി.വി.ആനന്ദബോസ് പറഞ്ഞു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഗുരുദേവ ദര്‍ശനം വിശ്വചക്രവാള മേഖലകള്‍ക്കപ്പുറം കടന്ന് പ്രചരിക്കുന്ന മഹത്തായ ദര്‍ശനമാണ്. വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടിച്ച് ശക്തരാവുക എന്നീ ദര്‍ശങ്ങള്‍ ഇന്നും ഒരു സമൂഹത്തെ തൊട്ടുണര്‍ത്താനുള്ള മൂലമന്ത്രങ്ങളാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നുചെന്നുകൊണ്ടുള്ള ആധ്യാത്മികവും മാനവികവുമായ ദര്‍ശനങ്ങളാണ് ഗുരുദേവന്‍ ലോകത്തിന് നല്‍കിയത്-അദ്ദേഹം പറഞ്ഞു. ഗുരുദേവന്റെ ദര്‍ശങ്ങള്‍ കാലത്തിന് അതീതമായി നിലനില്‍ക്കുമെന്നും ഇന്നത്തെ കേരളം പടുത്തുയര്‍ത്തുന്നതില്‍ വലിയൊരു പങ്ക് ഗുരുദേവനും ഗുരുദേവ ദര്‍ശങ്ങള്‍ക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




