

കല്‍പ്പറ്റ: വയനാട്ടിലും കോഴിക്കോടും ഭൂമിക്കടിയില്‍നിന്ന് മുഴക്കം കേട്ടതായി പ്രദേശവാസികള്‍. വയനാട്ടില്‍ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെന്‍മേനി, അമ്പലവയല്‍ എന്നീ പഞ്ചായത്തുകളിലാണ് വലിയ തോതിലുള്ള മുഴക്കം കേട്ടതായി നാട്ടുകാര്‍ പറയുന്നത്. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പ്രദേശത്തും ഭൂമിക്ക് അടിയില്‍ നിന്ന് മുഴക്കം കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. വയനാട് ഉരുള്‍പൊട്ടലിന്റെ ആഘാതം മായാത്ത പശ്ചാത്തലത്തില്‍ ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.


നെന്മേനി വില്ലേജിലെ പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയല്‍ എന്നിവിടങ്ങളില്‍ നേരിയ കുലുക്കം അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു. ആദ്യം കേട്ട ശബ്ദം ഇടിവെട്ടിയതാവാമെന്നാണ് നാട്ടുകാര്‍ പലരും കരുതിയത്. പിന്നാലെ ഭൂമി നേരിയ നിലയില്‍ കുലുങ്ങുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയതായും നാട്ടുകാര്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് അമ്പലവയല്‍ എടക്കല്‍ ജിഎല്‍പി സ്‌കൂളിന് അവധി നല്‍കി കുട്ടികളെ വീടുകളിലേക്ക് തിരിച്ചയച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് തീരുമാനമെടുത്തതെന്ന് സ്‌കൂളിലെ അധ്യാപകര്‍ അറിയിച്ചു. കുറിച്യര്‍മല, പിണങ്ങോട് മൂരിക്കാപ്പ്, മേല്‍മുറി, സേട്ടുകുന്ന്, സുഗന്ധഗിരി, ചെന്നായ്ക്കവല ഭാഗത്തും സമാനമായ അനുഭവം ഉണ്ടായെന്ന് ഇവിടെ നിന്നുള്ള നാട്ടുകാരും പറഞ്ഞു.


എന്നാല്‍ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലെന്ന കേരള ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. വലിയ പ്രകമ്പനം എവിടെയും അനുഭവപ്പെട്ടിട്ടില്ലെന്നാണ് നാഷണല്‍ സീസ്‌മോളജി സെന്ററിനെ ഉദ്ധരിച്ച് കേന്ദ്ര കാലാവസ്ഥാ കേന്ദ്രവും അറിയിച്ചിട്ടുള്ളത്. ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണല്‍ സീസ്‌മോളജിക് സെന്റര്‍ അറിയിച്ചു. പ്രകമ്പനം ആയിരിക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പ്രകമ്പനം ഉണ്ടായെന്ന് പറയുന്ന വിവിധ പ്രദേശങ്ങളില്‍ പരിശോധന തുടരുകയാണ്. കോഴിക്കോട് കൂടരഞ്ഞി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലുണ്ടായതും ഭൂമികുലുക്കമല്ലെന്നാണ് വിവരം. ഇതുസംബന്ധിച്ചും ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. ഇവിടെ ഉണ്ടായതും പ്രകമ്പനമായിരിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്.

