Breaking News

പോലീസിനെ ആക്രമിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ പോലീസിനെ ആക്രമിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ അവനവന്‍ചേരി സ്‌കൂളിന് സമീപം സൂരജ് ഭവനില്‍ ജിനു(37) ആണ് അറസ്റ്റിലായത്. പ്രതി അമിത വേഗതയില്‍ വാഹനമോടിച്ച് വരുന്നത് ശ്രദ്ധയില്‍പെട്ട പോലീസ് വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിയോട് പേരും വിലാസവും ചോദിച്ചതോടെ പ്രതി പോലീസുകാരെ ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. എസ്.ഐ സജിത്ത്, ജി.എസ്.സി.പി.ഒമാരായ പ്രസേനന്‍, അഭിലാഷ് എന്നിവരെയാണ് പ്രതി ആക്രമിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ ആറ്റിങ്ങല്‍ മൂന്നുമുക്കിലായിരുന്നു സംഭവം.

ഇന്നലെ രാത്രി നടന്ന സംഭവത്തില്‍ പോലീസിന് നേരെ ജനരോക്ഷം ഉയര്‍ന്നിരുന്നു. പോലീസ് അകാരണമായി ജിനുവിനെ മര്‍ദ്ദിച്ചുവെന്നാരോപിച്ചായിരുന്നു ജനരോക്ഷം ഉയര്‍ന്നത്. മൂന്നുമുക്ക് പ്രദേശത്തെ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പോലീസിനെതിരെ പ്രതികരിച്ചിരുന്നു. ജിനുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാനാണ് ജീപ്പില്‍ കയറ്റുന്നതെന്ന് പോലീസ് പറഞ്ഞെങ്കിലും ജനങ്ങള്‍ അത് വിശ്വസിക്കാന്‍ തയാറായില്ല. തുടര്‍ന്ന് പോലീസ് ജിനുവിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഭാരതീയ നിയമ സംഹിത പ്രകാരം 121(1), 281, കേരള പോലീസ് ആക്ട് പ്രകാരം 117(ഇ), മോട്ടോര്‍ വാഹന നിയമപ്രകാരം 185 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *