

വര്‍ക്കല: ശക്തമായ മഴയില്‍ പാപനാശം കുന്നുകള്‍ വീണ്ടും ഇടിഞ്ഞു വീണു. പാപനാശം ബലിമണ്ഡപത്തിന് സമീപത്തുള്ള കുന്നുകള്‍ ഇടിഞ്ഞു വീണത്. ഇന്നലെ രാത്രി മുതല്‍ പ്രദേശത്ത് മഴ ശക്തമാണ്. ബലി മണ്ഡപത്തിലേക്ക് പോകുന്ന വഴിയിലാണ് മണ്ണിടിഞ്ഞ് വീണത്. ശക്തമായ മഴയും രാത്രിയുമാതുകൊണ്ട് ആളപായമില്ല. ബലി മണ്ഡപത്തിന് സമീപം പുറകുവശത്തായി നിര്‍മ്മിച്ചിരിക്കുന്ന പബ്ലിക് കംഫര്‍ട്ട് സ്റ്റേഷന്റെ ചുമരുകള്‍ക്കും അടിസ്ഥാനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഓരോ മഴ സീസണിലും ഈ പ്രദേശത്ത് കുന്നിടിഞ്ഞ് വീഴുന്നത് പതിവാണ്.



ബലി മണ്ഡപത്തില്‍നിന്നും ആലിയിറക്കം ബീച്ചിലേക്ക് പോകുന്ന ഭാഗങ്ങളിലെ കുന്നുകളും പല തവണകളായി ഇടിഞ്ഞു വീഴുന്നുണ്ട്.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കടലിന് അഭിമുഖമായി നിര്‍മ്മിച്ചിരിക്കുന്ന കോട്ടേജുകളുടെ അടിവശത്തുള്ള മണ്ണ് ഇടിഞ്ഞുവീണ് അപകടാവസ്ഥയിലാണ്. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചിരിക്കുന്ന കടകളും റിസോര്‍ട്ടുകളുമെല്ലാം കുന്നിടിച്ചിലിന്റെ ഭീഷണിയിലാണിപ്പോള്‍. കുന്നിടിഞ്ഞ് വീഴുന്നത് ശ്രദ്ധയില്‍പെട്ടതോടെ വര്‍ക്കല ഹെലിപാഡ് ക്ലിഫ് മേഖലയിലെ നടപ്പാതയിലൂടെയുള്ള ഇരുചക്ര വാഹനങ്ങളുടെ അടക്കം ഗതാഗതം നിരോധിച്ച് കളക്ടര്‍ ഉത്തരവാവിട്ടിട്ടുണ്ട്. ഇത്രയൊക്കെയായിട്ടും പാപനാശം കുന്നുകളെ സംരക്ഷിച്ച് നിലനിര്‍ത്തുന്നതിനുള്ള കാര്യമായ നടപടികള്‍ ഒന്നുംതന്നെ അധികൃതര്‍ സ്വീകരിക്കാന്‍ തയാറായാവുന്നില്ലെന്നതാണ് ഖേദകരം.



കുന്നുകള്‍ നശിപ്പിക്കുന്ന രീതിയില്‍ താല്‍ക്കാലിക ഷെഡ് എന്ന രീതിയില്‍ ടൂറിസത്തിന്റെ പേരില്‍ കെട്ടിടങ്ങള്‍ കെട്ടുന്നതിനും നീന്തല്‍കുളം നിര്‍മ്മിക്കുന്നതിനും മൗനാനുവാദം നല്കുന്ന അവസ്ഥയാണ് വര്‍ക്കല നഗരസഭ സ്വീകരിച്ചുവരുന്നത്. നിയമങ്ങള്‍ ലംഘിച്ച് നീന്തല്‍ക്കുളം നിര്‍മ്മിച്ച ഒരു റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം മാസങ്ങള്‍ക്ക് മുമ്പ് വലിയ വാര്‍ത്തയായതിനെ തുടര്‍ന്ന് നഗരസഭ നിര്‍ത്തിവയ്പിച്ചിരുന്നു. വീണ്ടും പാപനാശം കുന്നുകല്‍ ഇടിയുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ക്ലിഫ് മേഖലയിലെ നടപ്പാത കൈയേറിയുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്യുന്നുണ്ട്. വര്‍ക്കല ഹെലിപാഡ് ക്ലിഫ് മേഖലയിലെ നടപ്പാതയിലൂടെയുള്ള കാല്‍നടയാത്രയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്.


