

തിരുവനന്തപുരം: പത്താം ക്ലാസ്സ് പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ച് ജഗതി ബധിര-മൂക വിദ്യാലയത്തിലെ ശിവാനി എന്ന വിദ്യാര്‍ത്ഥിനി. ശിവാനിയുടെ നേട്ടത്തില്‍ ജഗതി ബധിര-മൂക വിദ്യാലയത്തിനൊപ്പം പാങ്ങോട് സൈനിക കേന്ദ്രത്തിനും അഭിമാനം ഏറെയാണ്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രം 2022-ല്‍ വിദ്യാഞ്ജലി സ്‌കീം വഴി ജഗതി ബധിര വിദ്യാലയത്തെ ദത്തെടുത്തിരുന്നു. പാങ്ങോട് സൈനിക ക്യാമ്പിന്റെ കൈത്താങ്ങാന്റെ കൂടി പിന്‍ലത്തിലാണ് ശിവാനി മികച്ച നേട്ടം സ്വന്തമാക്കിയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയതിലൂടെ തന്നിലര്‍പ്പിച്ച പ്രതീക്ഷകള്‍ക്ക് പതിന്മടക്ക് തിളക്കം പകര്‍ന്ന ശിവാനിക്കും ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്.



ഇന്റര്‍ സ്‌കൂള്‍ മീറ്റിംഗ് മുഖേന സൈനിക കേന്ദ്രത്തിലെ ആര്‍മി പബ്ലിക് സ്‌കൂള്‍ ബധിര വിദ്യാലയവുമായി ആശയവിനിമയം നടത്തുകയും വിവിധ സംയോജിത പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ച് വരുന്നു. കൂടാതെ സ്‌കൂളിന്റെ വിവിധ ആവശ്യകതകള്‍ നിറവേറ്റിക്കൊണ്ട് സൈനിക കേന്ദ്രം സഹായിച്ച് വരുന്നു. 2023 ലെ സ്വാതന്ത്ര്യ ദിനത്തില്‍ നടന്ന ഒരു പരിപാടിയില്‍ സ്‌കൂള്‍ അധികൃതരുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം ശിവാനിക്ക് എല്ലാവിധ സഹായങ്ങളും സൈനിക കേന്ദ്രം നല്‍കുകയുണ്ടായി.



നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിച്ചിട്ടും, എല്ലാ വിഷയങ്ങളിലും എ+ ഗ്രേഡുകള്‍ കരസ്ഥമാക്കി ഗംഭീര വിജയം നേടിയ ശിവാനിയെയും, നൂറില്‍ നൂറ് വിജയം കൈവരിച്ച ബധിര-മൂഖ വിദ്യാലയത്തിനും പാങ്ങോട് സൈനിക കേന്ദ്ര മേധാവി അഭിനന്ദനം അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ ശിവാനിയുടെ പിതാവിന്റെ സാഹചര്യങ്ങളെ അഭിമുഖീകരിച്ച് പഠനം തടസ്സമില്ലാതെ തുടരുവാനും, മികച്ച നേട്ടം കൈവരിക്കാനും സാധിച്ചത് പാങ്ങോട് സൈനിക കേന്ദ്രത്തിലെ അധികാരികള്‍ നല്‍കിയ പൂര്‍ണപിന്തുണയാണ്.


