

ആറ്റിങ്ങല്‍: ലോഡുകണക്കിന് മാലിന്യം വഴിയരികില്‍ തള്ളിയ വര്‍ക്കലയിലെ സ്ഥാപനത്തിന് വന്‍ തുക പിഴയിട്ട് ആറ്റിങ്ങല്‍ നഗരസഭ. വര്‍ക്കല പുത്തന്‍ചന്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദിവാനിയ ഫര്‍ണിഷിംഗ് എന്ന സ്ഥാപനത്തിനാണ് ആറ്റിങ്ങല്‍ നഗരസഭ പിഴയിട്ടത്. ഏപ്രില്‍ ആറിനാണ് കൊല്ലമ്പുഴ മൂര്‍ത്തി ക്ഷേത്രത്തിന് പിറകുവശത്തെ റോഡിലാണ് നിരവധി ചാക്കുകളില്‍ മാലിന്യം നിക്ഷേപിച്ചത്. നഗരശുചീകരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി രാവിലെ 8 മണിയോടെ ഇവിടെയെത്തിയ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ ആന്റി ലിറ്ററിംഗ് സ്ക്വാഡാണ് ചാക്കുകെട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഹരിതകര്‍മ്മസേന തൊഴിലാളികളെ കൊണ്ട് അതേസ്ഥലത്തു വെച്ചുതന്നെ മാലിന്യം തരംതിരിച്ച ശേഷം സംസ്കരണ പ്ലാന്റിലേക്ക് മാറ്റി.


പ്ലാസ്റ്റിക്കും തെര്‍മോകോളും പഴകിയ കര്ട്ടന് സമഗ്രികളുമാണ് ചാക്കു കെട്ടുകളിലുണ്ടായിരുന്നത്. വിശദമായി നടത്തിയ പരിശോധനയില്‍ വര്‍ക്കല പുത്തന്‍ചന്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദിവാനിയ ഫര്‍ണിഷിംഗ് എന്ന സ്ഥാപനത്തിലെ മാലിന്യങ്ങളാണെന്ന് കണ്ടെത്തുകയും സ്ഥാപനത്തിനെതിരെ 25000 രൂപ പിഴ ചുമത്തുകയും ചെയ്തു. സ്ഥാപനം വൃത്തിയാക്കുന്നതിന്റെ ഭാഗമായി നീക്കം ചെയ്ത മാലിന്യങ്ങള്‍ കല്ലമ്പലത്ത് പ്രവര്‍ത്തിക്കുന്ന ആക്രി കടക്ക് കൈമാറിയിരുന്നതായി കടയുടമ പറഞ്ഞു. ഇവര്‍ക്കെതിരെയും കര്‍ശന നീയമനടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി കെ.എസ്.അരുണ്‍ അറിയിച്ചു. മുമ്പും ഇത്തരത്തില്‍ ആറ്റിങ്ങല്‍ നഗരസഭയുടെ പല പ്രദേശങ്ങളിലും മാലിന്യം വലിച്ചെറിയുന്നത് പതിവായിരുന്നു.


ആറ്റിങ്ങല്‍ കരിച്ചിയില്‍ പ്രദേശത്ത് മുന്‍പ് ഇത്തരത്തില്‍ മാലിന്യ ഉപേക്ഷിച്ച് കടന്നുകളഞ്ഞ വാഹനത്തെ പിടികൂടി വാഹന ഉടമയ്ക്ക് ഇരുപതിനായിരം രൂപ ആറ്റിങ്ങല്‍ നഗരസഭ പിഴ ഇട്ടിരുന്നു. ഇത്തരം ആളൊഴിഞ്ഞ തുറസായ സ്ഥലങ്ങളില്‍ ചവറുകള്‍ വലിച്ചെറിഞ്ഞു കടന്നു കളയുന്നവരെ പിടികൂടാന്‍ കൂടുതല്‍ സുരക്ഷാ ക്യാമറകളും നഗരസഭ സ്ഥാപിക്കും. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ റാംകുമാര്‍, ഇന്‍സ്പെക്ടര്‍ രവികുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദിവ്യ, ജീവനക്കാരായ അജി, അജീഷ് തുടങ്ങിയവരാണ് സ്ക്വാഡിന് നേതൃത്വംവഹിച്ചത്.



