Breaking News

യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് എസ്.ഡി.പി.ഐ; നിലപാട് വ്യക്തമാക്കാതെ വി.ഡി.സതീശന്‍

കാസര്‍കോട്: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പിന്തുണ നല്‍കുമെന്ന് എസ്.ഡി.പി.ഐ. എസ്.ഡി.പി.ഐ സംസ്ഥാന അധ്യക്ഷന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ദേശീയതലത്തില്‍ ഫാസിസ്റ്റ് ഭരണകൂടത്തെ ചെറുക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം കോണ്‍ഗ്രസ് പാര്‍ട്ടിയെ പിന്തുണയ്ക്കുക എന്നതാണെന്ന് പറഞ്ഞ അഷ്‌റഫ് മൗലവി കേരളത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും വിശദമാക്കി. ദേശീയതലത്തില്‍ 18 മണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐ മത്സരിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കാനാണ് തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷ സര്‍ക്കാരിനെയും അഷ്‌റഫ് മൗലവി വിമര്‍ശിച്ചു. മുഖ്യമന്ത്രിയ്ക്ക് എന്താണ് പറ്റിയതെന്നും രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പുസ്തകം വായിച്ചതിന്റെ പേരില്‍ രണ്ട് കുട്ടികളെ യു.എ.പി.എ ചുമത്തി ജയിലില്‍ ഇട്ട മുഖ്യമന്ത്രിക്ക് റിയാസ് മൗലവി വധത്തില്‍ ആര്‍.എസ്.എസുകാര്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നും അഷ്‌റഫ് മൗലവി ചോദ്യരൂപേണ വിമര്‍ശനം ഉന്നയിച്ചു.

അതേസമയം, എസ്.ഡി.പി.ഐ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിലപാട് വ്യക്തമാക്കിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുമായി യു.ഡി.എഫ് ധാരണയുണ്ടാക്കിയിട്ടില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ വി.ഡി.സതീശന്റെ വിശദീകരണം. എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിക്കുമോ എന്ന ചോദ്യത്തില്‍നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. നിരവധി സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും യു.ഡി.എഫ് വിജയിക്കണമെന്ന് ആഗ്രഹിക്കുന്നു. അത്തരത്തില്‍ മതേതര മുന്നണിയുമായി കൂട്ടിചേരാന്‍ എസ്.ഡി.പി.ഐയും ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

എസ്.ഡി.പി.ഐയുടെ പിന്തുണ വേണ്ടെന്ന് വയ്ക്കാന്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും തയ്യാറാകുമോ എന്ന് കെ.ടി.ജലീല്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് ജയിക്കാന്‍ എന്തുമാകാം എന്ന നിലയിലാണ് കാര്യങ്ങള്‍. മലപ്പുറത്തും പൊന്നാനിയിലും ജയിക്കാന്‍ മതേതര മുഖം അഴിച്ചു വയ്‌ക്കേണ്ട ദയനീയ സ്ഥിതിയിലാണ് മുസ്ലിം ലീഗ് എന്നും കെ.ടി.ജലീല്‍ വിമര്‍ശിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *