Breaking News

1700 കോടി രൂപ നികുതി അടയ്ക്കാന്‍ നോട്ടീസ്; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ദില്ലി: 1700 കോടി രൂപ നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 2017 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തിലെ പിഴയും പലിശയുമടക്കം 1700 കോടി രൂപ അടയ്ക്കണമെന്നാണ് ആദായ നികുതി വകുപ്പ് ഇന്നലെ വൈകുന്നേരം നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ കാലയളവിലെ നികുതി പുനര്‍ നിര്‍ണ്ണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ആദായ നകുതി വകുപ്പ് വീണ്ടും നോട്ടീസ് നല്‍കിയത്. 2014 മുതല്‍ 2017 വരെയുള്ള കാലയളവിലെ നികുതി പുനര്‍ നിര്‍ണ്ണയ നടപടിക്കെതിരെയും കോണ്‍ഗ്രസ് കോടതിയെ സമീപിച്ചെങ്കിലും കോടതി കനിഞ്ഞില്ല. തുടര്‍ന്ന് 2018-19 വര്‍ഷത്തെ നികുതി കുടിശികയായി കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ നിന്ന് 135 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.

അതേസമയം, ആദായ നികുതി വകുപ്പിന്റെ നടപടികളെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ആദായ നികുതി വകുപ്പിനെതിരെ ആദായ നികുതി വകുപ്പ് അപ്ലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ആദായ നികുതി വകുപ്പ് റിട്ടേണുകള്‍ സമര്‍പ്പിക്കാത്തിനാലും, സംഭാവന വിവരങ്ങള്‍ മറച്ചുവച്ചതുകൊണ്ടുമാണ് ഭീമമായ പിഴ ഈടാക്കുന്നതെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ വിശദീകരണം. അനുബന്ധ രേഖകളോ കൂടുതല്‍ വിശദാംശങ്ങളോ നല്‍കാതെയാണ് പുതിയ നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ആദായ നികുതി വകുപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് കോണ്‍ഗ്രസ്. ഇതേ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിന് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിയുടെ തദ്ദേശീയ ഘടകങ്ങളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന് കേന്ദ്ര നേതൃത്വം നിലപാട് സ്വീകരിച്ചിരുന്നു. പ്രധാന നേതാക്കളുടെ പ്രചരണ പരിപാടികളിലും വെട്ടിച്ചുരുക്കലുകള്‍ നടത്തേണ്ടി വരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിനെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കമെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. ബി.ജെ.പിയും നികുതി അടച്ചതിന്റെ കണക്ക് വ്യക്തമാക്കിയിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *